കോഴിക്കോട് വടകരയിൽ യുവതി ഭർതൃവീട്ടിലെ അലമാരയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ ഭർത്താവിനെയും ഭർതൃപിതാവിനെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഈ മാസം ഒന്നാം തീയതിയാണ് ഇരുപത്തിയൊന്നുകാരിയായ റിസ്വാനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് ഷംനാസ്, പിതാവ് അഹമ്മദ് എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
ആത്മഹത്യ പ്രേരണ, സ്ത്രീ പീഡനം വകുപ്പുകൾ ചുമത്തിയാണ് ഷംനാസിനെയും അഹമ്മദിനെയും അറസ്റ്റ് ചെയ്തത്. ഷംനാസിൻ്റെ മാതാവും സഹോദരിയും കേസിലെ പ്രതികളാണ്. ഇവർ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചിട്ടുണ്ട്. റിസ്വാനയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബമാണ് വടകര റൂറൽ എസ് പിക്ക് പരാതി നൽകിയത്. ലോക്കൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തെങ്കിലും കുടുംബത്തിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
ഭർത്താവിൻ്റെ വീട്ടിൽ ശാരീരികവും മാനസികവുമായി പീഡനമേൽക്കുന്നതായി റിസ്വാന കൂട്ടുകാരോടും പറഞ്ഞിരുന്നു. ഇതും കേസിൽ വഴിത്തിരിവായി. രണ്ട് വർഷം മുൻപാണ് ഷംനാസും റിസ്വാനയും വിവാഹിതരായത്.