Kerala

രാജിവെക്കേണ്ടിയിരുന്നത് മുഖ്യമന്ത്രി; രമേശ് ചെന്നിത്തല

സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധിയെടുത്ത് മാറി നിൽക്കാനുള്ള കോടിയേരി ബാലകൃഷ്ണന്‍റെ തീരുമാനം വൈകി വന്ന വിവേകമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആദ്യം രാജിവെക്കേണ്ടിയിരുന്നത് മുഖ്യമന്ത്രിയായിരുന്നു. മകന്റെ പേരിലെ വിവാദങ്ങൾ ഏൽപ്പിച്ച പരിക്കിൽ നിന്ന് പാര്‍ട്ടിയെ രക്ഷിക്കാനാണ് കോടിയേരിയുടെ ശ്രമം. കോടിയേരിയുടെ പാത പിൻതുടരുകയാണ് ഇനി മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്യേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു

എന്നാല്‍ കോടിയേരി ബാലകൃഷണൻ സ്ഥാനം ഒഴിഞ്ഞത് മുഖ്യമന്ത്രിയുടെ രാജിയിലേക്കുള്ള ചൂണ്ട് പലകയെന്ന് കെ.പി.എ മജീദ് പറഞ്ഞു. ഇപ്പോൾ പാർട്ടിയും കോടിയേരിയെ കൈവിട്ടു. പിണറായി വിജയനെ മറികടന്നു കൊണ്ട് വിജയരാഘവനും ഒന്നും ചെയ്യാനാകുമെന്ന് കരുതുന്നില്ലെന്നും കെ പി എ മജീദ് മലപ്പുറത്ത് പറഞ്ഞു.

കോടിയേരിയുടെ മാറ്റം പാർട്ടിയെ ബാധിക്കില്ലെന്ന് സെക്രട്ടേറിയറ്റിന് ശേഷം എംവി ഗോവിന്ദന്‍ പറഞ്ഞു. ഇന്ന് ചേര്‍ന്ന പാര്‍ട്ടി സെക്രട്ടേറിയറ്റിലാണ് ഒഴിയാനുള്ള തീരുമാനം കോടിയേരി അറിയിച്ചത്. ചികിത്സക്കായി കോടിയേരി അവധിയില്‍ പ്രവേശിച്ചുവെന്നാണ് ഔദ്യോഗിക വിശദീകരണം. എ വിജയരാഘവനാണ് പാർട്ടി സെക്രട്ടറിയുടെ ചുമതല.