Kerala

സംവരണ അട്ടിമറിക്കെതിരെ പ്രതിഷേധം ശക്തം; സംവരണ സമുദായങ്ങളുടെ അടിയന്തര യോഗം ഇന്ന്

മുന്നാക്ക സംവരണ വിഷയം ചര്‍ച്ച ചെയ്യാനായി സംവരണ സമുദായങ്ങളുടെ യോഗം ഇന്ന് ചേരും. വിവിധ സമുദായ സംഘടനകള്‍ക്കൊപ്പം മുസ്ലീം ലീഗ് നേതൃത്വവും യോഗത്തില്‍ പങ്കെടുക്കും.സംവരണ അട്ടിമറിക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാനുളള തീരുമാനം യോഗത്തിലുണ്ടാകും.

സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പിലാക്കിയ മുന്നോക്ക സംവരണം പിന്നാക്ക വിഭാഗങ്ങളുടെ ആനുകൂല്യങ്ങള്‍ അട്ടിമറിക്കുന്നതാണെന്നതാണ് മുസ്ലീം സംഘടന നേതൃത്വങ്ങളുടെ വിലയിരുത്തല്‍.കഴിഞ്ഞ ദിവസം മലപ്പുറത്ത് നടന്ന സംഘടനകളുടെ സംയുക്ത യോഗത്തില്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ യോജിച്ച പ്രക്ഷോഭത്തിന് തയ്യാറെടുക്കാന്‍ തീരുമാനിച്ചിരുന്നു.ഇതിന്‍റ ഭാഗമായാണ് വിവിധ സംവരണ സമുദായങ്ങളുടെ അടിയന്തരയോഗം ഇന്ന് കൊച്ചിയില്‍ ചേരുന്നത്.സംവരണ അട്ടിമറിയെ നിയമപരമായും പ്രക്ഷോഭത്തിലൂടെയും നേരിടുന്നതിനുളള തീരുമാനം യോഗത്തിലുണ്ടാകും.

സാമ്പത്തിക സംവരണത്തിന്‍റ നിയമസാധുത പരിശോധിക്കാനുളള ഹരജി ഇപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.ഇതില്‍ തീരുമാനമുണ്ടാകും മുന്‍പേ മുന്നോക്ക സംവരണം സര്‍ക്കാര്‍ നടപ്പിലാക്കിയത് പിന്നോക്ക വിഭാഗങ്ങളോടുളള വെല്ലുവിളിയാണ്.ഇത് ചൂണ്ടിക്കാട്ടി സുപ്രീം കോടതിയിലും ഹൈക്കോടതിയിലും കേസുകള്‍ നല്‍കുന്നതിനും യോഗത്തില്‍ അന്തിമ ധാരണയുണ്ടാക്കും.വിവിധ സമുദായ നേതൃത്വങ്ങള്‍ക്കൊപ്പം മുസ്ലീം ലീഗ് പ്രതിനിധികളും ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.