കോഴിക്കോട് വിദ്യാര്‍ഥികളുടെ പരീക്ഷ അധ്യാപകന് എഴുതിയ സംഭവത്തില്‍ ഗുരുതര ക്രമക്കേട് നടന്നെന്ന് അന്വേഷണ റിപ്പോര്‍ട്ട്. വകുപ്പുതല അന്വേഷണം നടത്തിയ ഹയര്‍ സെക്കണ്ടറി ജോയിന്റ് ഡയറക്ടര്‍ എസ്.എസ് വിവേകാനന്ദനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ആള്‍മാറാട്ടം നടത്തി പരീക്ഷയെഴുതിയ സംഭവത്തില്‍ അധ്യാപകന് നിഷാദ് വി മുഹമ്മദ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി.
വിദ്യാര്‍ത്ഥികള്‍ക്കായി ആള്‍മാറാട്ടം നടത്തി അധ്യാപകന് പരീക്ഷയെഴുതുകയും പ്രധാനാധ്യാപികയടക്കം അതിന് കൂട്ട് നില്‍ക്കുകയും ചെയ്ത സാഹചര്യത്തില്‍ പരീക്ഷ നടത്തിപ്പില്‍ ഗുരുതര ക്രമക്കേട് നടന്നതായാണ് അന്വേഷണ റിപ്പോര്‍ട്ട്. അധ്യാപകര്‍ക്കെതിരെ വിശദമായ അന്വേഷണം വേണം. അന്വേഷണം നീണ്ടുപോകുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സേ പരീക്ഷയെഴുതാന്‍ താല്‍ക്കാലിക അനുമതി നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിദ്യാര്‍ത്ഥികളുടെ ഉത്തര കടലാസ് കണ്ടെത്തിയാലും അത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ജോയിന്റ് ഡയറക്ടര്‍ എസ് എസ് വിവേകാനന്ദന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. തങ്ങള്‍ കുറ്റക്കാരല്ലാത്ത സാഹചര്യത്തില്‍ വീണ്ടും പരീക്ഷയെഴുതാന്‍ ആവില്ലെന്ന നിലപാടിലാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും.
സംഭവത്തില്‍ കേസെടുത്തതിനെ തുടര്‍ന്ന് ഒളിവില്‍ പോയ അധ്യാപകന് നിഷാദ് വി മുഹമ്മദ് നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ മറ്റന്നാള്‍ പരിഗണിക്കും. പ്രിന്‍സിപ്പല്‍ കെ റസിയ, ചേന്ദമംഗലൂര്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ അധ്യാപകനും എക്സാം ഡപ്യൂട്ടി ചീഫ് സൂപ്രണ്ടുമായ പി.കെ ഫൈസല്‍ എന്നിവര്‍ക്കെതിരെയും മുക്കം പോലീസ് കേസെടുത്തിരുന്നു. ആള്‍മാറാട്ടം നടത്തിയതിനും വ്യാജരേഖ ചമച്ചതിനും ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഇവരും ഒളിവിലാണ്.