Kerala

കേരളത്തില്‍ തിയറ്ററുകള്‍ തുറക്കുന്നത് വൈകും

കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് അടച്ച സംസ്ഥാനത്തെ തീയറ്ററുകള്‍ തുറക്കാന്‍ ഇനിയും വൈകും. രോഗവ്യാപനം നിയന്ത്രണ വിധേയമാവാത്ത സാഹചര്യത്തില്‍ തീയറ്ററുകള്‍ ഉടന്‍ തുറക്കേണ്ടതില്ലെന്ന് വിവിധ ചലച്ചിത്ര സംഘടനകളുമായി മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ധാരണയായി.

തീയറ്ററുകള്‍ തുറക്കുന്നത് രോഗവ്യാപനം വര്‍ധിപ്പിക്കുമെന്ന ആശങ്ക ആരോഗ്യവകുപ്പ് മുന്നോട്ടുവച്ചിട്ടുണ്ട്. തുറക്കുകയാണെങ്കില്‍ കര്‍ശനമായി മാനദണ്ഡങ്ങള്‍ പാലിച്ചു വേണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം.

തീയറ്ററുകള്‍ തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതിയായെങ്കിലും സംസ്ഥാനത്ത് അടച്ചിടല്‍ തുടരുകയായിരുന്നു. ഒന്നിടവിട്ട സീറ്റുകളില്‍ ആളെ ഇരുത്തി തിയറ്ററുകള്‍ തുറക്കാമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നത്. ഇത് അനുസരിച്ച് തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ തീയറ്ററുകള്‍ പ്രവര്‍ത്തനം പുനരാരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഒന്നിട വിട്ട സീറ്റുകളില്‍ മാത്രം ആളെ അനുവദിച്ചുകൊണ്ട് തീയറ്റര്‍ നടത്തിക്കൊണ്ടുപോവാനാവില്ലെന്നാണ് സംസ്ഥാനത്തെ ചലച്ചിത്ര സംഘടനകള്‍ പറയുന്നത്.