നിയമസഭയില്‍ വെക്കുന്നതിന് മുമ്പ് സി.എ.ജി റിപ്പോര്‍ട്ട് ധനമന്ത്രി തോമസ് ഐസക്കിന് എങ്ങനെ ലഭിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ധനകാര്യ സെക്രട്ടറിക്ക് കിട്ടുന്ന റിപ്പോര്‍ട്ട് ഗവര്‍ണര്‍ക്കാണ് നല്‍കേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തോമസ് ഐസക് രാജിവയ്ക്കണമെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ഭരണഘടനയുടെ അടിസ്ഥാനപരമായ തത്വങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥനായ ഒരു മന്ത്രി സത്യപ്രതിജ്ഞാ ലംഘനവും ഭരണഘടനാ ലംഘനവും നടത്തിയിരിക്കുന്ന ഗുരുതരമായ കുറ്റമാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. ഒരു മന്ത്രി നിയമസഭയെ അവഹേളിച്ചിരിക്കുന്നു എന്നത് ചർച്ച ചെയ്യേണ്ടതാണ്. ഒറിജനലും കരടും കണ്ടാൽ അറിയാത്ത ആളാണോ ധനമന്ത്രിയെന്നും ചെന്നിത്തല ചോദിച്ചു.
അഴിമതിയും കൊള്ളയും മറയ്ക്കാനാണ് ധനമന്ത്രി കള്ളം പറയുന്നത്. മസാല ബോണ്ടിൽ ആർക്കൊക്കെ കമ്മീഷൻ കിട്ടിയെന്ന് ഐസക് പറയണം. മസാല ബോണ്ടുകൾ സുതാര്യമല്ലെന്നും മസാല ബോണ്ട് വഴി നടന്നത് കള്ളക്കച്ചവടമാണെന്നും അദ്ദേഹം പറഞ്ഞു. പിണറായിയെ സഹായിക്കാൻ വേണ്ടി ചെയ്തതാണ് മസാല ബോഡ്. ഉയർന്ന പലിശയ്ക്ക് വായ്പയെടുത്തത് പിണറായിക്ക് ബന്ധമുള്ള ലാവ്ലിനെ സഹായിക്കാനാണ്.
വൻകിട പദ്ധതിക്ക് ആരും എതിരല്ല. വൻകിട പദ്ധതിയുടെ കീഴിൽ അഴിമതിയും കമ്മീഷനടിയും നടക്കുന്നുത് അംഗീകരിക്കാനാകില്ല. കിഫ്ബിക്ക് മുൻപും ഇവിടെ വൻകിട പദ്ധതികൾ നടന്നിട്ടുണ്ട്. ശിവശങ്കർ മുഖ്യമന്ത്രിയെ സംരക്ഷിക്കുകയാണ്. തിരിച്ച് മുഖ്യമന്ത്രി ശിവശങ്കറെയും സംരക്ഷിക്കുന്നു. ഈ കൂട്ടുകച്ചവടം കുറെ നാളായി സംസ്ഥാനത്ത് നടക്കുകയാണ്. ഇതിന് വളമിടാൻ വേണ്ടിയാണ് കേന്ദ്ര ഏജൻസികളെ സർക്കാർ വിമർശിക്കുന്നത്. കേന്ദ്ര ഏജൻസികളെ കേരളത്തിലേക്ക് വിളിച്ചുവരുത്തിയത് മുഖ്യമന്ത്രിയാണ്. ശിവശങ്കർ നടത്തിയ മറ്റ് ഇടപാടുകളും സ്വഭാവികമായി അന്വേഷിക്കേണ്ടെന്നും അദ്ദേഹം ചോദിച്ചു. അപ്പോൾ അതെല്ലാം സർക്കാർ വികസന പ്രവർത്തനങ്ങളെ തടയാനാണെന്ന് പറഞ്ഞ് മുഖ്യമന്ത്രി രംഗത്ത് എത്തുന്നത്. മയക്കുമരുന്നു കേസിനെ കുറിച്ച് മുഖ്യമന്ത്രി സംസാരിക്കുന്നില്ല. പാർട്ടി സെക്രട്ടറിയെ സംരക്ഷിക്കാനായിരുന്നു ഇതിലൂടെ മുഖ്യമന്ത്രി ശ്രമിച്ചത്. അന്വേഷണത്തെ ധിരമായി നേരിടുകയാണ് വേണ്ടത്. അതിന് പകരം മുഖ്യമന്ത്രിയുടെ നെഞ്ചിടിപ്പ് കൂടുകയാണെന്നും ചെന്നിത്തല പരിഹസിച്ചു.