Kerala

“സംസ്ഥാനത്ത് ഒരു മന്ത്രിയെ ചോദ്യം ചെയ്യുന്നത് ആദ്യം”, കെ.ടി ജലീല്‍ രാജിവെക്കണമെന്ന് രമേശ് ചെന്നിത്തല

യു.എ.ഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത മന്ത്രി കെ ടി ജലീല്‍ രാജിവെയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ഒരു മന്ത്രിയെ ദേശീയ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്യുന്നത്. ധാര്‍മ്മികത അല്‍പ്പമെങ്കിലും ഉണ്ടെങ്കില്‍ രാജിവെയ്ക്കാന്‍ ജലീല്‍ തയ്യാറാവണമെന്ന് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

തുടര്‍ച്ചയായി ക്രിമിനല്‍ കുറ്റം ചെയ്യുന്ന ജലീലിനെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിക്കുന്നത്. മന്ത്രി തലയില്‍ മുണ്ടിട്ടാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റില്‍ ഹാജരായത്. ഈ സംസ്ഥാനത്ത് ഇതുപോലൊരു സംഭവം ഉണ്ടായിട്ടില്ല. തുടര്‍ച്ചയായി ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന മന്ത്രിയെ സംരക്ഷിക്കുന്ന നിലപാട് മുഖ്യമന്ത്രി സ്വീകരിച്ചുവരികയാണ്. മാര്‍ക്ക്ദാനത്തിലൂടെ ക്രിമിനല്‍ കുറ്റമാണ് അദ്ദേഹം ചെയ്തത്. അന്നും മുഖ്യമന്ത്രി സംരക്ഷിച്ചു. ഭൂമി വിവാദം വന്നപ്പോഴും മുഖ്യമന്ത്രി സംരക്ഷിച്ചു ഇപ്പോഴിതാ ഇഡിയുടെ ചോദ്യം ചെയ്യല്‍ വരുന്ന സമയത്തും മുഖ്യമന്ത്രിയെ സംരക്ഷിക്കുകയാണോയെന്നും ചെന്നിത്തല ചോദിച്ചു.

മുഖ്യമന്ത്രി എല്ലാ തരത്തിലുമുളള അധാര്‍മിക പ്രവര്‍ത്തനങ്ങള്‍ക്കും കുട പിടിക്കുകയാണ്. തെറ്റുകള്‍ ചെയ്യുന്നവരെ സംരക്ഷിക്കുന്ന സര്‍ക്കാരായി ഇടതുമുന്നണി സര്‍ക്കാര്‍ മാറുന്നു. ഈ സംസ്ഥാനത്ത നിയമവാഴ്ചയും ധാര്‍മികനിലവാരവും ഉയര്‍ത്തിപ്പിടിക്കേണ്ട സര്‍ക്കാരിന്റെ ഭാഗത്ത് നിന്നാണ് ഗുരുതര വീഴ്ചകള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതാണ് നാം കാണുന്നത്. എത്രനാള്‍ കെ.ടി.ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കുമെന്നാണ് തനിക്കറിയണമെന്നും ചെന്നിത്തല പറഞ്ഞു.