Kerala

തോമസ് ഐസകിനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നൽകും: രമേശ് ചെന്നിത്തല

നിയമസഭയുടെ മേശപ്പുറത്ത് വെയ്ക്കുന്നതിന് മുന്‍പ് സി.എ.ജി റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവിട്ട ധനമന്ത്രിയുടെ നടപടി ഭരണഘടനാ വിരുദ്ധമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രി തോമസ് ഐസകിനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നൽകും. കിഫ്ബിക്കെതിരായ കണ്ടെത്തലുകളാണ് ധനനമന്ത്രിയെ പ്രകോപിപ്പിച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കിഫ്ബി ഭരണഘടനാ വിരുദ്ധമാണെന്ന സി.എ.ജി റിപോര്‍ട്ട് കേന്ദ്ര ഏജന്‍സികള്‍ക്ക് പിന്നാലെ ഭരണഘടനാ സ്ഥാപനങ്ങളും സംസ്ഥാന സര്‍ക്കാരിനെ ലക്ഷ്യം വെയ്ക്കുന്നതിന്റെ ഭാഗമാണെന്നാണ് തോമസ് ഐസക് കുറ്റപ്പെടുത്തിയത്. കിഫ്ബിയ്ക്കെതിരെ കോൺഗ്രസും ബി.ജെ.പിയും ഗൂഢാലോചന നടത്തുന്നുവെന്നും ഇതിന് കേന്ദ്ര സർക്കാരിന്‍റെ ഒത്താശയുണ്ടെന്നും തോമസ് ഐസക് ആരോപിച്ചു. കിഫ്ബിയുടെ വായ്പ എടുക്കൽ ഭരണഘടന വിരുദ്ധമാണെന്നാണ് സിഎജി റിപ്പോർട്ട് ഇതിന്‍റെ തെളിവാണെന്നും ഐസക് പറഞ്ഞു.

1999 മുതൽ 9 തവണ സി ആന്‍ഡ് എ ജി കിഫ്ബിയിൽ ഇൻസ്പെക്ഷനോ ഓഡിറ്റോ നടത്തിയിട്ടുണ്ട്. 2020ലെ കരട് റിപ്പോർട്ടിലൊഴികെ കിഫ്ബി ഭരണഘടനാ വിരുദ്ധമാണെന്ന വാദം ഉന്നയിച്ചിട്ടില്ല. സംസ്ഥാന സർക്കാരിനെതിരെ സി ആൻഡ് എ ജിയും ഇ.ഡിയുടെ ചുവട് പിടിച്ച് നീങ്ങുകയാണെന്നും തോമസ് ഐസക് വ്യക്തമാക്കി.