ജനങ്ങളുടെ സര്‍വേ യുഡിഎഫിനൊപ്പമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇപ്പോള്‍ പുറത്തുവരുന്ന സര്‍വേകൊണ്ട് യുഡിഎഫിനെ തകര്‍ക്കാമെന്ന് ആരും കരുതേണ്ടെന്നും ചെന്നിത്തല പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് 12 മുതല്‍ 15 സീറ്റ് വരെ ലഭിക്കുമെന്നാണ് സര്‍വേകളില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ലഭിച്ചത് ഒരേയൊരു സീറ്റാണ്. തിരുവനന്തപുരത്ത് കുമ്മനം ജയിക്കുമെന്നും ശശിതരൂര്‍ തോല്‍ക്കുമെന്നായിരുന്നു മറ്റൊരു സര്‍വേ ഫലം. ശശി തരൂര്‍ ജയിക്കുന്നതാണ് നമ്മള്‍ കണ്ടത്. പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് ജയിക്കുമെന്ന് പറഞ്ഞപ്പോള്‍ ജയിച്ചത് എല്‍ഡിഎഫാണ്- ചെന്നിത്തല പറഞ്ഞു.
പ്രത്യക്ഷത്തില്‍ നിക്ഷ്പക്ഷമെന്ന് തോന്നിക്കുന്ന ഹീനതന്ത്രങ്ങളാണ് മാധ്യമങ്ങള്‍ യുഡിഎഫിന് മേല്‍ പ്രയോഗിക്കുന്നത്. നരേന്ദ്ര മോദി ഡല്‍ഹിയില്‍ ചെയ്യുന്നത് പോലെയാണ് ഇവിടെ മാധ്യമങ്ങളെ വിരട്ടിയും പരസ്യങ്ങള്‍ കൊടുത്തും വരുതിയിലാക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. മാധ്യമങ്ങള്‍ ഏകപക്ഷീയമായാണ് പെരുമാറുന്നത്. പ്രതിപക്ഷത്തിന് ന്യായമായി ലഭിക്കേണ്ട സ്‌പേസ് പോലും തരാതെ ഭരണകക്ഷിക്ക് വേണ്ടി കുഴലൂത്തുനടത്തുകയാണ് മാധ്യമങ്ങളെന്നും ചെന്നിത്തല പറഞ്ഞു.
ഇവിടെ മൂന്ന് സ്ഥാപനങ്ങള്‍ക്ക് വേണ്ടി ഒരു കമ്പനിയാണ് സര്‍വേ നടത്തിയത്. ആഴ്ചയിലാണ് ഇപ്പോള്‍ സര്‍വേകള്‍ നടക്കുന്നത്. കേരളത്തിലെ വോട്ടര്‍മാരില്‍ ഒരു ശതമാനം പോലും പങ്കെടുക്കാത്ത സര്‍വേകളാണ് നടക്കുന്നത്. ജനങ്ങളുടെ ബോധ്യത്തെയും ചിന്താശക്തിയേയും അട്ടിമറിക്കാനുള്ള നീക്കമാണ് നടന്നുകൊണ്ടിരിക്കുന്നത്. അഴിമതിയില്‍ മുങ്ങികുളിച്ച സര്‍ക്കാരിനെ വെളളപൂശാന്‍ വേണ്ടി മാധ്യമങ്ങള്‍ക്ക് 200 കോടിയുടെ പരസ്യമാണ് അവസാന കാലഘട്ടത്തില്‍ സര്‍ക്കാര്‍ നല്‍കിയത്. ഇതിന്റെ ഉപകാര സ്മരണയാണ് ഈ സര്‍വേകളെന്നും ചെന്നിത്തല പറഞ്ഞു.