India Kerala

രാജ്മോഹന്‍ ഉണ്ണിത്താന്‍ ശരത് ലാലിന്റെയും കൃപേഷിന്റെയും വീടുകള്‍ സന്ദര്‍ശിച്ചു

കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ വിജയിച്ച രാജ്മോഹന്‍ ഉണ്ണിത്താന്‍ പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിച്ചു. നിരവധി ആളുകളാണ് ഉണ്ണിത്താനെ സ്വീകരിക്കാന്‍ കല്ല്യോട്ട് ഒത്ത്കൂടിയത്.

പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കാസര്‍കോടെത്തിയ രാജ്മോഹന്‍ ഉണ്ണിത്താന്‍ പ്രചാരണ പരിപാടികള്‍ ആരംഭിക്കുന്നതിന് മുന്‍പ് ആദ്യമെത്തിയത് പെരിയ കല്ല്യോട്ടായിരുന്നു. ശരത്ത് ലാലിന്‍റെയും കൃപേഷിന്‍റെയും ശവകുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് ഉണ്ണിത്താന്‍ പ്രചാരണം ആരംഭിച്ചത്. എം.പിയായി വിജയിച്ചതിന് ശേഷവും ഉണ്ണിത്താന്‍ ആദ്യമെത്തിയതും ഇവിടെ തന്നെ .

ഉണ്ണിത്താനെ സ്വീകരിക്കാന്‍ എത്തിയ കൃപേഷിന്റെയും ശരത്ത് ലാലിന്റെയും കുടുംബാംഗങ്ങള്‍ക്കും നാട്ടുകാര്‍ക്കും ഉണ്ണിത്താന്‍ മധുരം നല്‍കി. കാസര്‍കോട് മണ്ഡലത്തില്‍ മുഴുവന്‍ സമയവും എം.പിയുടെ സാനിധ്യമുണ്ടാകുമെന്നും നാടിന്‍റെ പുരോഗതിയാണ് ലക്ഷ്യമെന്നും ഉണ്ണിത്താന്‍ പറഞ്ഞു. ഉണ്ണിത്താനെ സ്വീകരിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരും നാട്ടുകാരുമടക്കം നിരവധി പേരാണ് കല്ല്യോട്ടെത്തിയത് .