Kerala Weather

മഴ കനക്കുന്നു; അടുത്ത മൂന്ന് ദിവസം അതീവ ജാഗ്രത; എന്‍ഡിആര്‍എഫിന്റെ നാല് ടീമുകള്‍ നാളെയെത്തുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ അടുത്ത മൂന്ന് ദിവസം അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉദ്യോഗസ്ഥരുമായി നടത്തിയ മഴക്കെടുതി അവലോകന യോഗത്തിനുശേഷമാണ് നിര്‍ദേശങ്ങള്‍. ദുരിതാശ്വാസ ക്യാംപുകളില്‍ പരാതികള്‍ ഇല്ലാതെ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനപ്രതിനിധികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഇക്കാര്യം ശ്രദ്ധിക്കണം. ക്യാംപുകളുടെ ശുചിത്വം, രോഗപരിശോധന സംവിധാനം എന്നിവ ഉറപ്പാക്കണം.

സംസ്ഥാനത്ത് ദേശീയ ദുരന്ത നിവാരണ സേനയുടെ നാല് ടീമുകള്‍ നാളെ രാവിലെയോടെ എത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. നിലവില്‍ ദേശീയ ദുരന്ത പ്രതികരണ സേനയുടെ മൂന്ന് ടീമുകള്‍ സംസ്ഥാനത്തുണ്ട്. ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്‌സിന്റെ രണ്ട് ടീമുകള്‍ ആവശ്യമെങ്കില്‍ കണ്ണൂര്‍, വയനാട് ജില്ലകളിലേക്ക് തയ്യാറാണ്.

മഴക്കെടുതി ദുരിതം വിതച്ച ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി നല്‍കുന്നത് അതാത് ജില്ലാ കളക്ടര്‍മാര്‍ക്ക് തീരുമാനിക്കാം. സംസ്ഥാനത്ത് 589 ദുരിതാശ്വാസ ക്യാമ്പുകളിലായി 1947 പേരാണ് കഴിയുന്നത്. ക്യാമ്പുകള്‍ക്കായി 3071 കെട്ടിടങ്ങള്‍ പുതുതായി കണ്ടെത്തി. ഇവയില്‍ 4,23,080 പേരെ ഉള്‍ക്കൊള്ളിക്കാനാകുമെന്നാണ് റവന്യൂവകുപ്പിന്റെ കണക്കുകൂട്ടല്‍. സംസ്ഥാനത്ത് ഒരു മാസത്തിനിടെ മഴക്കെടുതിയില്‍ 382 വീടുകള്‍ പൂര്‍ണമായും 2205 വീടുകള്‍ ഭാഗികമായും തകര്‍ന്നുവെന്നാണ് ഔദ്യോഗിക കണക്ക്.

എറണാകുളം, ഇടുക്കി തൃശൂര്‍ ജില്ലകളിലാണ് നിലവില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കക്കി, ഇടുക്കി ഡാമുകള്‍ തുറന്നുവിട്ടു. വൈദ്യുതി, ജല വകുപ്പുകളുടെ വിവിധ ഡാമുകളില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.മണ്ണിടിച്ചില്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിക്കാന്‍ നിര്‍ദേശമുണ്ട്.മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാന്‍ പോലീസും ഫയര്‍ ഫോഴ്‌സും സജ്ജമാണ്. മഴയെ തുടര്‍ന്ന് ശബരിമലയില്‍ അടുത്ത മൂന്നു നാല് ദിവസങ്ങളില്‍ ആളുകളുടെ എണ്ണം നിയന്ത്രിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. ജലനിരപ്പ് അപകടകരമായതിനാല്‍ പമ്പാസ്‌നാനം അനുവദിക്കില്ല. മറ്റ് കുളിക്കടവുകളിലും ഇറങ്ങരുത്. സ്‌പോട്ട് ബുക്കിംഗ് നിര്‍ത്താനും ആളുകളുടെ എണ്ണം നിയന്ത്രിക്കാന്‍ വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തവര്‍ക്ക് തീയതി മാറ്റി നല്‍കുന്ന കാര്യം പരിഗണിക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.