Kerala Weather

സംസ്ഥാനത്ത് നവംബർ മൂന്ന് വരെ മഴ തുടരും; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

ബംഗാൾ ഉൾകടലിലെ ന്യൂനമർദ്ദത്തിന്റെ ഫലമായി സംസ്ഥാനത്ത് നവംബർ മൂന്ന് വരെ ഇടിമിന്നലോടു കൂടിയ മഴ തുടരാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നവംബർ മൂന്ന് വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും നാളെ (ഒക്ടോബർ 31) മുതൽ നവംബർ രണ്ട് വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കുമാണ് സാധ്യതയുണ്ട്.

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് നിലവിൽ ശ്രീലങ്കക്ക് മുകളിലും തമിഴ്നാട് തീരത്തിനും സമീപത്താണ് സ്ഥിതി ചെയ്യുന്നത്. അടുത്ത മൂന്നോ നാലോ ദിവസങ്ങളിൽ പടിഞ്ഞാറു ദിശയിലുള്ള സഞ്ചാരം തുടരാനാണ് സാധ്യതയെന്നും കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. നവംബർ മൂന്ന് വരെ കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും തെക്ക്-കിഴക്കൻ അറബിക്കടലിലും മാലിദ്വീപ് തീരത്തും 40 മുതൽ 60 കിലോമീറ്റർ വരെയും വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നവംബർ മൂന്ന് വരെ കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല.