Kerala

പ്രളയം നേരിടാന്‍ പൂര്‍ണ സജ്ജമെന്ന് സര്‍‌ക്കാര്‍ ഹൈക്കോടതിയില്‍

പ്രളയ സാധ്യത മുൻനിർത്തി അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമീകരണം സംബന്ധിച്ച് ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്നാണ് സർക്കാർ വിശദീകരണം നല്കിയത്.

പ്രളയം നേരിടാൻ സംസ്ഥാനം പൂർണ സജ്ജമാണെന്നും നിലവിൽ ഡാമുകൾ തുറക്കേണ്ട സാഹചര്യം ഇല്ലെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഹൈക്കോടതി സ്വമേധയാ എടുത്ത ഹരജിയിലാണ് സർക്കാർ വിശദീകരണം. പ്രളയ സാധ്യത മുൻനിർത്തി അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമീകരണം സംബന്ധിച്ച് ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്നാണ് സർക്കാർ വിശദീകരണം നല്കിയത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചീഫ് ജസ്റ്റിസിൻ അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി സ്വമേധയാ ഈ വിഷയത്തിൽ കേസെടുത്തത്.

ഇക്കൊല്ലത്തെ പ്രളയം നേരിടാൻ സർക്കാർ എല്ലാ മുൻകരുതലും സ്വീകരിച്ചുവെന്നാണ് കോടതിയെ അറിയിച്ചത്. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചത് ശരാശരിയോ അതിനു മുകളിലോ ഉള്ള മഴ മാത്രമാണ്. അത്തരം മഴ ഉണ്ടായാലും ഡാമുകൾ തുറക്കേണ്ടിവരില്ല.

ഇടുക്കി ഡാമിൽ അടക്കം ജലനിരപ്പ് സാധാരണ അളവിൽ താഴെമാത്രമാണുള്ളത്. ശക്തമായ മഴ ഉണ്ടായാൽ നേരിടാൻ ഡാമുകൾക്ക് ആക്ഷൻ പ്ലാൻ ഉണ്ടെന്നും സർക്കാർ അറിയിച്ചു.

ദുരന്തനിവാരണ അതോറിറ്റി മാർഗനിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. കൂടാതെ വിവിധ വകുപ്പുകളുടെ നിരന്തരം പരിശോധന നടക്കുന്നു. 2018 ൽ ഡാമുകൾ തുറന്ന് വിട്ടതല്ല പ്രളയത്തിൻ കാരണമായത്. പ്രതീക്ഷിക്കാത്ത അതി ശക്തമായ മഴ ഉണ്ടായതാണ് പ്രളയത്തിൻ കാരണമെന്നുമാണ് വിശദീകരണം. ഹരജി ഹൈക്കോടതി പിന്നീട് പരിഗണിക്കാൻ മാറ്റി.

മൺസൂണിനു മുമ്പുതന്നെ ഇടുക്കി ഡാമിലുൾപ്പെടെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നെന്ന മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മേയ് 14ൻ ചീഫ് ജസ്റ്റിസിൻ കത്തെഴുതിയത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാൽ വൈദ്യുതി ഉൽപാദനം കുറഞ്ഞതും ജനറേറ്ററുകളിൽ ചിലതു പ്രവർത്തിക്കാത്തതും ഇടുക്കി ഡാമിലെ ജലനിരപ്പ് കൂടാൻ കാരണമായെന്ന് കത്തിൽ പറഞ്ഞിരുന്നു. ഡാമുകളിലെ ജലനിരപ്പ് യഥാസമയം നിയന്ത്രിക്കാതിരുന്നത് മുൻ വർഷത്തെ പ്രളയ ദുരന്തത്തിന്റെ കാരണങ്ങളിലൊന്നാണെന്ന് കരുതാം.

ഇത്തവണ മൺസൂണിനു മുമ്പ് ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ വിഷയം ഗൗരവത്തോടെ കാണണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാൽ, ഡാമുകളിലെ ജലനിരപ്പിന്റെ കാര്യത്തിൽ ആശങ്ക വേണ്ടെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്.