Kerala

‘വിമാനത്താവളം പോലെ’, ലോകനിലവാരത്തിലേക്ക് കൊല്ലം റെയിൽവേ സ്റ്റേഷൻ

കൊല്ലം റെയിൽവേ സ്റ്റേഷൻ ലോകനിലവാരത്തിലേക്കു മാറുന്നതിന്റെ രൂപരേഖ പുറത്തുവിട്ട് കേന്ദ്ര റെയിൽവേ മന്ത്രാലയം. രാജ്യത്തുടനീളമുള്ള റെയിൽവേ സ്റ്റേഷനുകൾ നവീകരിക്കുന്നതിനുമുള്ള അതിമനോഹരമായ പദ്ധതിയുടെ ഭാഗമാണിത്. 52 സ്റ്റേഷനുകൾ നവീകരിക്കുന്നതിനായി തെരഞ്ഞെടുത്തതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞ മാസം പാർലമെന്റിൽ പറഞ്ഞിരുന്നു.

385.4 കോടി രൂപ ചെലവഴിച്ചാണ് പൊളിച്ചുപണിഞ്ഞ്, വിമാനത്താവളം പോലെയാക്കുന്ന സ്റ്റേഷൻ കെട്ടിടത്തിന്റെ ചിത്രങ്ങൾ റെയിൽവേ മന്ത്രാലയം പുറത്തിറക്കി.രാജ്യാന്തര നിലവാരത്തിലുള്ള എ ക്ലാസ് സൗകര്യമാണ് കൊല്ലം റെയിൽവേ സ്റ്റേഷനിൽ വരാൻ പോകുന്നത്.

എല്ലാ പ്ലാറ്റ്‌ഫോമുകളും അത്യാധുനിക മേൽക്കൂരകൾ നിർമിക്കും. റിസർവേഷൻ, ഭരണ നിർവഹണം എന്നിവ പ്രത്യേക കെട്ടിടത്തിലേക്കു മാറും. ചരക്കുനീക്കത്തിനും പ്രത്യേക ട്രോളിയും എസ്കലേറ്ററും. 67 ഏക്കർ സ്ഥലത്ത് 30,000 ചതുരശ്ര മീറ്റർ നിർമാണം നടക്കും. യാത്രക്കാർ സ്റ്റേഷനിലേക്കു പ്രവേശിക്കുന്നതും പുറത്തേക്കു പോകുന്നതും വെവ്വേറെ കവാടങ്ങളിലൂടെ ആയിരിക്കും. ഇതിനു വേണ്ടി വിശാലമായ കെട്ടിട സമുച്ചയങ്ങളാണ് നിർമിക്കുന്നത്.

ഇവ പരസ്പരം ബന്ധിപ്പിച്ചു കൊണ്ടു ശീതീകരിച്ച റൂഫ് പ്ലാസ ഉണ്ടാകും. ഇരുചക്ര വാഹനങ്ങളുടെ പാർക്കിങ്ങിനും പ്രത്യക സൗകര്യം ഒരുക്കും. പാർക്കിങ് സൗകര്യം വിപുലപ്പെടുത്തുന്നതിനു രണ്ടാം ഘട്ടമായും മൾട്ടിലെവൽ പാർക്കിങ് ഒരുക്കും.സുരക്ഷാ സംവിധാനം അത്യാധുനികമാകും.

സിസിടിവി, അഗ്നിരക്ഷാ സാങ്കേതിക സംവിധാനം, ഊർജ കാര്യക്ഷമത ഉറപ്പുവരുത്തുന്ന ഹിറ്റ് ലൈറ്റിങ് ആൻഡ് വെന്റിലേഷൻ, ഹെൽപ് ഡെസ്ക്, മൊബൈൽ ചാർജിങ് മൊബൈൽ ചാർജിങ് സൗകര്യം, ആധുനിക രീതിയിൽ രൂപകൽപന ചെയ്ത ഇരിപ്പിടങ്ങൾ, റൂഫ് പ്ലാസ, പ്ലാറ്റ്ഫോം എന്നിവിടങ്ങളിൽ എൽഇഡി ഡിസ്പ്ലേ ബോർഡുകൾ തുടങ്ങിയവയും ഉണ്ടാകും.