India Kerala

സ്വപ്ന സുരേഷ് ഒളിവിൽ തന്നെ; വല വിരിച്ച് കസ്റ്റംസ്

സ്വർണ്ണ കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്നാ സുരേഷിനെ കസ്റ്റംസിന് ഇനിയും കണ്ടെത്താനായില്ല. തിരുവനന്തപുരം അമ്പലമുക്കിലെ സ്വപ്നയുടെ ഫ്ലാറ്റിൽ കസ്റ്റംസ് വീണ്ടും പരിശോധന നടത്തി. യുഎഇ കോൺസുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് സ്വപ്ന ഒളിവിൽ പോയതെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം.

ഡിപ്ലോമാറ്റിക് ബാഗേജ് പരിശോധിക്കണമെന്ന് കസ്റ്റംസ് കോൺസുലേറ്റിനെ അറിയിച്ചപ്പോൾ തന്നെ സ്വപ്നാ സുരേഷ് അപകടം മണത്തിരുന്നു. ഉന്നത ബന്ധങ്ങൾ ഉപയോഗിച്ചും നേരിട്ട് ഇടപെട്ടിട്ടും അത് ഒഴിവാക്കാനുമായില്ല. തനിക്കു നേരെയും അന്വേഷണം ഉണ്ടാകുമെന്ന് സ്വപ്ന അറിഞ്ഞത് കോൺസുലേറ്റിൽ നിന്നാകാമെന്നാണ് കസ്റ്റംസ് വിലയിരുത്തൽ. ഇന്നലത്തെ റെയിഡിന് രണ്ട് ദിവസം മുമ്പും അമ്പലമുക്കിലെ ഫ്ലാറ്റിൽ സ്വപ്ന എത്തിയിരുന്നു. സംഭവങ്ങൾക്ക് ഒരാഴ്ച മുമ്പ് അമ്മയെ കണ്ടതുമാണ്.

ഫ്ലാറ്റിൽ നിന്ന് സിസി ടിവി ദൃശ്യങ്ങളും ലാപ് ടോപ്പും കണ്ടെടുത്തു. കുടുതൽ തെളിവുകൾക്കായി കസ്റ്റംസ് വീണ്ടും പരിശോധന നടത്തി. സ്വപ്ന കേരളത്തിന് പുറത്ത് കടന്നുവെന്ന വിവരവും പുറത്തു വരുന്നുണ്ട്. ഐ.ബിയുടെ കൂടെ സഹായം കസ്റ്റംസ് തേടിയുണ്ട്. ഇതിനിടെ മുൻകൂർ ജാമ്യത്തിനായി സ്വപ്ന ഹൈക്കോടതിയെ സമീപിക്കുമെന്ന അഭ്യൂഹവുമുണ്ട്.