കോട്ടയം•വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയ്ക്കെതിരെ അതേപേരില്‍ അപരനെ രംഗത്തിറക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. എരുമേലി മുട്ടപ്പള്ളി സ്വദേശിയായ യുവാവിനെയാണ് അപരനായി രംഗത്തിറക്കാന്‍ ആലോചിക്കുന്നത്. ഈ വിവരം പുറത്തായതോടെ യുവാവിനെ ഇപ്പോള്‍ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇയാളുടെ മൊബൈല്‍ സ്വിച്ച് ഓഫ് ആണ്.
രാഹുല്‍ എന്ന് പേരുള്ള യുവാവിന്റെ പൂര്‍ണമായ പേര് രാഹുല്‍ ഗാന്ധിയെന്നാണ്. അനുജന്റെ പേര് രാജീവ് ഗാന്ധിയെന്നും. കോണ്‍ഗ്രസ് അനുയായിരുന്ന അച്ഛന്‍ ഗാന്ധി കുടുംബത്തോടുള്ള ആരാധന മൂലമാണ് മക്കള്‍ക്ക് ഈ പേരുകള്‍ നല്‍കിയത്. എന്നാല്‍ മക്കള്‍ ഇരുവരും മുതിര്‍ന്നപ്പോള്‍ കടുത്ത ഇടതുപക്ഷ അനുഭാവികളായി മാറുകയായിരുന്നു.
സി.പി.എമ്മിന്റെ സജീവ പ്രവര്‍ത്തകനായ രാഹുല്‍ ഗാന്ധി ഡി.വൈ.എഫ്.ഐ മേഖലാ ഭാരവാഹിയുമാണ്. ഇപ്പോള്‍ തിരുവനന്തപുരത്ത് താമസമാക്കിയിരിക്കുന്ന രാഹുല്‍ അടുത്തിടെ നടന്‍ പാട്ടുകള്‍ക്ക് ഫോക്ലോര്‍ അക്കാദമിയുടെ ഫെലോഷിപ്പ് നേടിയിരുന്നു.
അതേസമയം, കെ.ഇ രാഹുല്‍ എന്നായിരുന്ന യുവാവിന്റെ വോട്ടര്‍ പട്ടികയിലെ നാമം അടുത്തിടെ രേഖകള്‍ സമര്‍പ്പിച്ച് രാഹുല്‍ ഗാന്ധി എന്നാക്കി മാറ്റുകയായിരുന്നുവെന്നും പറയപ്പെടുന്നു. എന്തായാലും വ്യാഴാഴ്ച അപരന്‍ രാഹുല്‍ ഗാന്ധിയിലും വയനാട് ജില്ലാ വരണാധികാരി മുന്‍പാകെ പത്രിക സമര്‍പ്പിക്കുമെന്നാണ് അറിയുന്നത്.