India Kerala

രാഹുൽ ഗാന്ധി വയനാട് മത്സരിച്ചേക്കില്ല

കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട് മത്സരിച്ചേക്കില്ല. സ്ഥാനാര്‍ഥിത്വം വിവാദമായത് സംസ്ഥാന ഘടകത്തിലെ ഗ്രൂപ്പ് പോര് മൂലമെന്നാണെന്നാണ് ദേശീയ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇന്ന് ചേരുന്ന തെരഞ്ഞെടുപ്പ് സമിതി ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കും. പ്രവര്‍ത്തക സമിതി യോഗവും ഇന്ന് ചേരുന്നുണ്ട്.

രാഹുല്‍ വയനാട്ടില്‍ മത്സരിക്കുമെന്ന സൂചന നല്‍കിയത് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളായിരുന്നു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് രാഹുലാണെന്ന തരത്തിലാണ് കാര്യങ്ങള്‍ നീങ്ങിയത്. രാഹുല്‍ വയനാട്ടില്‍ മത്സരിച്ചാല്‍ അത് അമേഠിയില്‍ പരാജയം ഭയന്നാണെന്ന ബി.ജെ.പി വിമര്‍ശനത്തിന് ശക്തികൂട്ടുമെന്ന് മുതിര്‍ന്ന നേതാക്കള്‍ വിലിയിരുത്തുന്നു. ശത്രു ഇടതുപക്ഷമെന്ന തോന്നൽ ഉണ്ടാകും.എതിരാളി ബി.ജെ.പിയാകുന്ന മണ്ഡലത്തിൽ മത്സരിക്കുന്നതാകും രാഷ്ട്രീയമായി നേട്ടമുണ്ടാക്കുക എന്ന അഭിപ്രായവും നേതാക്കളുടെ കൂടിയാലോചനയില്‍ ഉയര്‍ന്നുവന്നു.

മണ്ഡലത്തിനായി എ, ഐ ഗ്രൂപ്പുകൾ നടത്തിയ കിടമത്സരമാണ് കോണ്‍ഗ്രസ് അധ്യക്ഷന്റെ സ്ഥാനാര്‍ഥിത്വം വിവാദമാക്കിയെന്ന സൂചനയും ദേശീയ വൃത്തങ്ങള്‍ നല്‍കുന്നു. മുസ്‍ലിം പ്രാതിനിധ്യം ചര്‍ച്ചയായതിലും കോണ്‍ഗ്രസ് നേതൃത്വത്തിന് ആശങ്കയുണ്ട്.ഈ സാഹചര്യത്തിൽ രാഹുൽ മത്സരിക്കില്ലെന്നാണ് ലഭിക്കുന്ന വിവരം. രാവിലെ നടക്കുന്ന തെരഞ്ഞെടുപ്പ് സമിതി യോഗത്തിലായിരിക്കും അന്തിമ തീരുമാനം ഉണ്ടാവുക. പതിനൊന്ന് മണിക്ക് പ്രവര്‍ത്തക സമിതി യോഗവും ചേരുന്നുണ്ട്. പ്രകടന പത്രികക്ക് അംഗീകാരം നല്‍കലാണ് മുഖ്യ അജണ്ട