രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർഥിത്വം കേരളത്തിൽ കോൺഗ്രസിന് വലിയ നേട്ടമുണ്ടാക്കും. ഗ്രൂപ്പ് വിഭാഗീയതക്കും മറ്റു പ്രശ്നങ്ങൾക്കുമപ്പുറം ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസിന് കഴിയും. എല്ലാ മണ്ഡലങ്ങളിലും രാഹുലിന്റെ സ്ഥാനാർഥിത്വം പ്രതിഫലനം ഉണ്ടാക്കും.
സ്ഥാനാർഥി നിർണയത്തിൽ ഏറെ തലവേദനയുണ്ടാക്കിയ വയനാട് തന്നെയാണ് ഇപ്പോൾ കോൺഗ്രസിന്റെ തുറുപ്പു ചീട്ടും. ഐ ഗ്രൂപ്പിന് അവകാശപ്പെട്ട സീറ്റ് ടി സിദ്ധീഖിനായി എ ഗ്രൂപ്പ് നേടിയെടുത്തത് ഏറെ തർക്കങ്ങൾക്കൊടുവിൽ. രാഹുലിന്റെ സ്ഥാനാർഥിത്വം സംബന്ധിച്ച സൂചന സംസ്ഥാന നേതാക്കൾ നൽകിയതിന് ശേഷമുണ്ടായത് 8 ദിവസം നീണ്ട അനിശ്ചിതത്വം. എന്നാൽ രാഹുൽ സ്ഥാനാർഥി ആയതോടെ കഥ മാറിയെന്നാണ് സംസ്ഥാന നേതാക്കൾ പറയുന്നത്. രാഹുൽ തരംഗം ആയുധമാക്കി 20 സീറ്റുകളും പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസും.
കോൺഗ്രസിന് എപ്പോഴും തലവേദനയാകാറുള്ള ഗ്രൂപ്പ് തർക്കം ഇനി മറക്ക് പിന്നിലേക്ക് പോകും. മുന്നണിയിലെ ഘടകകക്ഷികളെല്ലാം ഒറ്റക്കെട്ടായി നിൽക്കും. രാഹുലിന്റെ വരവ് കോൺഗ്രസ്, യു.ഡി.എഫ് അണികളിലുണ്ടാക്കുന്ന ആവേശം താഴെ തട്ടിനെ സജീവമാകും. കോഴിക്കോട്, വടകര, കണ്ണൂർ തുടങ്ങി സമീപ മണ്ഡലങ്ങളെ മാത്രമല്ല, തിരുവനന്തപുരം വരെ രാഹുൽ തരംഗം ഗുണം ചെയ്യുമെന്നും സംസ്ഥാന നേതൃത്വം കരുതുന്നു. കോൺഗ്രസിന്റെ യഥാർഥ സർജിക്കൽ സ്ട്രൈക്കാണ് രാഹുലിന്റെ സ്ഥാനാർഥിത്വമെന്നാണ് കോൺഗ്രസ് നേതാക്കൾ നൽകുന്ന സന്ദേശവും.