Kerala

വയനാട് ജില്ല കളക്ടറുടെ ചേംബറിൽ ഇന്ന് കൊവിഡ് അവലോകന യോഗം; രാഹുൽ ഗാന്ധി പങ്കെടുക്കും

വയനാട് ജില്ല കളക്ടറുടെ ചേംബറിൽ ഇന്ന് നടക്കുന്ന കൊവിഡ് അവലോകന യോഗത്തിൽ രാഹുൽ ഗാന്ധി എംപി പങ്കെടുക്കും. രാവിലെ ഒൻപതിന് ആരംഭിക്കുന്ന യോഗത്തിൽ ജില്ലയിലെ മറ്റ് ജനപ്രതിനിധികളും ഉണ്ടാകും. യോഗത്തിന് ശേഷം രാഹുൽ ഗാന്ധി മാധ്യമങ്ങളെ കണ്ടേക്കും. (rahul gandhi wayanad collector) വയനാട്ടിൽ നിന്ന് രാവിലെ 10.30ന് കോഴിക്കോട് ജില്ലയിലേക്ക് തിരിക്കും. തിരുവമ്പാടിയിലാണ് കോഴിക്കോട്ടെ ആദ്യ പരിപാടി. തുടർന്ന് മലപ്പുറം ജില്ലയിലെ വിവിധ പരിപാടികളിലും പങ്കെടുക്കും. 2 ദിവസത്തെ സന്ദ‍ർശനം പൂർത്തിയാക്കി നാളെയാണ് രാഹുൽ ഗാന്ധി ദില്ലിയിലേക്ക് മടങ്ങുക. ഡിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് കോൺഗ്രസിലെ മുതിർന്ന നേതാക്കൾ രാഹുൽ ഗാന്ധിയെ നേരിൽ കണ്ട് അതൃപ്തി അറിയിക്കാനും സാധ്യതയുണ്ട്. ഇന്നലെയാണ് രാഹുൽ ഗാന്ധി വയനാട്ടിലെത്തിയത്.

ഇന്നലെ കരിപ്പൂർ വിമാനത്താവളത്തിൽ കാണാൻ കാത്തുനിന്ന ഏഴു വയസുകാരിയെ ചേർത്തു പിടിച്ച് രാഹുൽഗാന്ധി വിശേഷങ്ങൾ പങ്കുവച്ചിരുന്നു. ആരെയാണ് കണ്ടതെന്ന ചോദ്യത്തിന് ഭാവി പ്രധാനമന്ത്രിയെയാണന്ന മറുപടിയാണ് നിവേദ്യ നൽകിയത്. വിമാനത്താവളത്തിൽ നിന്നു പുറത്തേക്കു വരികയായിരുന്ന രാഹുൽഗാന്ധിയെ അച്ഛനൊപ്പം നിന്ന് എത്തി നോക്കിയ നിവേദ്യയെ രാഹുൽഗാന്ധി വാഹനത്തിനടുത്തേക്ക് വിളിച്ചു. ചേർത്തു നിർത്തി വിശേഷങ്ങളും പഠനകാര്യങ്ങളുമെല്ലാം തിരക്കി.

കൊണ്ടോട്ടി കൊട്ടപ്പുറം സ്വദേശി ഉണ്ണികൃഷ്ണൻറെ മകളാണ് നിവേദ്യ. കരിപ്പൂർ വിമാനത്താവളത്തിലെ ജീവനക്കാരനാണ് നിവേദ്യയുടെ അച്ഛൻ ഉണ്ണികൃഷ്ണൻ. പിന്നീട് ആരാണ് രാഹുൽ ഗാന്ധിയെന്ന് അറിയാമോ എന്ന് കുശലം ചോദിച്ചപ്പോൾ ഭാവി പ്രധാനമന്ത്രി എന്നായിരുന്നു നിവേദ്യയുടെ മറുപടി. അമ്മയുടെ വീട്ടിലേക്കുളള യാത്രക്കിടെയാണ് രാഹുൽഗാന്ധിയുടെ വരവറിഞ്ഞ് അച്ഛനൊപ്പം നിവേദ്യ കാണാൻ കാത്തുനിന്നത്.