യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ഇന്ന് രാഹുല്‍ ഗാന്ധി തുടക്കം കുറിക്കും. വൈകിട്ട് നാല് മണിക്ക് കോഴിക്കോട് കടപ്പുറത്ത് വെച്ചാണ് പരിപാടി. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച് രാഹുല്‍ കേരള നേതാക്കളുമായി ആശയവിനിമയം നടത്തുന്നുണ്ട്. യു.ഡി.എഫ് നേതാക്കള്‍ക്ക് പുറമേ മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥികളും വേദിയിലെത്തും.
കഴിഞ്ഞ തവണ ലഭിച്ച 12 സീറ്റ് വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യം വെച്ചാണ് യു.ഡി.എഫ് ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് ഇറങ്ങുന്നത്. കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥികളായിട്ടില്ലെങ്കിലും ഘടകക്ഷികളെല്ലാം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ഇലക്ഷന്‍ ചൂടിലെത്തിക്കഴിഞ്ഞു. മലപ്പുറത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടിയും പൊന്നാനിയിലെ ഇ.ടി മുഹമ്മദ് ബഷീറും വോട്ട് തേടി രാഹുലിനൊപ്പം വേദിയിലുണ്ടാകും. എന്‍.കെ പ്രേമചന്ദ്രനും തോമസ് ചാഴികാടനും എത്തുന്നില്ല. ഒരു ലക്ഷം പ്രവര്‍ത്തകരെ പങ്കെടുപ്പിക്കുന്ന തരത്തിലാണ് കോണ്‍ഗ്രസിന്റെ പ്രചരണം.
കോണ്‍ഗ്രസിന്റെ അന്തിമ പട്ടിക സംബന്ധിച്ച കൂടിയാലോചനകളും രാഹുലെത്തുന്നതോടെ നടക്കും. നാളെയോ മറ്റെന്നാളോ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്താനുള്ള നീക്കങ്ങളാണ് നടക്കുന്നത്.എ.കെ ആന്റണി, മുകുള്‍ വാസ്നിക്ക്,കെ.സി വേണുഗാപാല്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെല്ലാം ജനമഹാറാലിക്ക് എത്തുന്നുണ്ട്.