രാഹുല്‍ ഗാന്ധി പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിച്ചു. ആദ്യം കൃപേഷിന്റെ വീട്ടിലെത്തിയ രാഹുല്‍, ശരത് ലാലിന്റെ കുടുംബത്തെയും സന്ദര്‍ശിച്ചു. ഇരുവരുടെയും കുടുംബങ്ങള്‍ക്കായി കോൺഗ്രസ് സമാഹരിച്ച സഹായധനം കൈമാറി. ഇരുവരുടെയും കുടുംബത്തിന് നീതി ഉറപ്പാക്കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു.
തൃശൂർ തൃപ്രയാറിൽ ഫിഷർമെൻ പാർലമെന്റിൽ സംസാരിച്ച ശേഷമാണ് രാഹുല്‍ പെരിയയിലെത്തിയത്. വന്‍കിടക്കാരുടെ കടം എഴുതിത്തള്ളാന്‍ തയ്യാറാകുന്ന പ്രധാനമന്ത്രി, കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും കടവും എഴുതിത്തള്ളണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. അധികാരത്തിലെത്തിയാല്‍ ഫിഷറീസ് മന്ത്രാലയം യാഥാര്‍ഥ്യമാക്കുമെന്നും രാഹുല്‍ പറഞ്ഞു.
കോഴിക്കോട് നടക്കുന്ന കോണ്‍ഗ്രസിന്റെ ജനാമഹാറാലിക്ക് ശേഷം രാത്രി രാഹുല്‍ ഗാന്ധി ഡല്‍ഹിക്ക് തിരിക്കും. ഇന്നലെ രാത്രി തൃശൂര്‍ രാമനിലയത്തില്‍ എത്തിയ രാഹുല്‍ ഗാന്ധിയെ കാണാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പുറമെ തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ഭാരവാഹികള്‍ തുടങ്ങിയവരും എത്തിയിരുന്നു.