India Kerala

അന്‍വറിന്റെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള തടയണ പൊളിച്ചുനീക്കാന്‍ അന്ത്യശാസനം

പി.വി അൻവർ എം.എൽ.എയുടെ ഭാര്യ പിതാവിന്റെ പേരിൽ മലപ്പുറം ചീങ്കണ്ണിപ്പാലയിലുള്ള വിവാദ തടയണ പൊളിച്ചു മാറ്റാന്‍ മലപ്പുറം ജില്ലാ കലക്ടര്‍ക്ക് ഹൈക്കോടതിയുടെ അന്ത്യശാസനം. 15 ദിവസത്തിനകം പൊളിച്ചുനീക്കി റിപോര്‍ട്ട് നല്‍കണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് നിര്‍ദേശിച്ചു.

അന്‍വറിന്റെ ഭാര്യാ പിതാവ് അബ്ദുള്‍ ലത്തീഫിന്റെ ഉടമസ്ഥയിലുള്ള തടയണയുടെ മുകള്‍ ഭാഗത്തെ 12 അടിയും താഴ് ഭാഗത്തെ 6 അടിയും പൊളിച്ചു നീക്കാനാണ് ഹൈക്കോടതി കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്. നേരത്തെ ഹരജി പരിഗണിച്ചപ്പോള്‍ തടയണ പൊളിച്ചു നീക്കാനുള്ള കോടതി നിര്‍ദേശം സ്ഥല ഉടമ പാലിക്കാത്ത പക്ഷം ഉത്തരവ് നടപ്പാക്കാന്‍ ജില്ലാ കലക്ടര്‍ക്ക് എത്ര സമയം വേണ്ടി വരുമെന്നതുൾപ്പെടെ വിശദാംശങ്ങൾ അറിയിക്കാൻ ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ്, ജസ്റ്റിസ് എ. കെ ജയശങ്കരൻ നമ്പ്യാർ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് നിർദേശിച്ചു. തുടര്‍ന്ന് 15 ദിവസമെങ്കിലും വേണ്ടിവരുമെന്ന് ജില്ലാ കലക്ടര്‍ ഇന്ന് കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് 15 ദിവസത്തിനകം പൊളിച്ചുനീക്കി റിപോര്‍ട്ട് നല്‍കാന്‍ കോടതി നിര്‍ദേശിച്ചത്.

തടയണ പൊളിക്കാനുള്ള ജില്ലാ കലക്ടറുടെ ഉത്തരവ് ചോദ്യം ചെയ്ത് ഉടമ അബ്ദുൽ ലത്തീഫ് നൽകിയ ഹരജിയും തടയണ ദുരന്ത ഭീഷണിയുണ്ടാക്കുന്നുവെന്ന് ചൂണ്ടികാട്ടി സമര്‍പ്പിച്ച ഹരജിയും കോടതിയുടെ പരിഗണനയിലുണ്ട്. കഴിഞ്ഞ മഴക്കാലത്ത് ഈ മേഖലയിൽ നാല് ഉരുൾപൊട്ടലുകൾ ഉണ്ടായതായും ഇത്തരം അപകടത്തിന് സാധ്യതയുള്ള മേഖലയാണിതെന്നും അന്വോഷണം നടത്തിയ സമിതി റിപ്പോർട്ട് നൽകിയിരുന്നു. മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നു. മണ്ണിടിച്ചിലുണ്ടായാൽ ഇതിന് തൊട്ടു താഴെ 20 ആദിവാസി കുടുംബങ്ങൾ താമസിക്കുന്ന ‘കരിമ്പ് കോളനി’ക്ക് ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നും . ബന്ധപ്പെട്ട സർക്കാർ വകുപ്പുകളിൽ നിന്ന് അനുമതി വാങ്ങാതെയും ശാസ്ത്രീയമല്ലാതെയുമാണ് തടയണ നിർമിച്ചിട്ടുള്ളതെന്നുമായിരുന്നു സമിതിയുടെ റിപ്പോര്‍ട്ട്.