India Kerala

കയ്പമംഗലത്ത് കാണാതായ പമ്പുടമയെ മരിച്ച നിലയില്‍ കണ്ടെത്തി

തൃശൂര്‍ കയ്പമംഗലത്ത് കാണാതായ പമ്പുടമയെ മരിച്ച നിലയില്‍ കണ്ടെത്തി. ഗുരുവായൂര്‍ മമ്മിയൂരിൽ റോഡരികിലാണ് പമ്പ് ഉടമ കോഴിപ്പറമ്പില്‍ മനോഹരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് കൈകളും പിറകിലേക്ക് കെട്ടിവെച്ച നിലയിലാണ് മൃതദേഹം . കൊലപാതകമാണെന്നാണ് സംശയം.

ഇന്നലെ രാത്രി 12.50 നാണ് മനോഹരന്‍ പെട്രോള്‍ പമ്പില്‍ നിന്നും വീട്ടിലേക്ക് പുറപ്പെട്ടത്. പമ്പിലെ സിസി ടിവിയില്‍ ഈ ദൃശ്യങ്ങളുണ്ട്. മൂന്ന് പീടിക ഫ്യുയല്‍സ് പമ്പ് ഉടമയാണ് മനോഹരന്‍. വീട്ടിലെത്താത്തതിനെ തുടര്‍ന്ന് മകള്‍ ഫോണില്‍ വിളിച്ചപ്പോള്‍ വേറോരാള്‍ ഫോണെടുത്ത് അച്ഛന്‍ ഉറങ്ങുകയാണെന്ന് മറുപടിയാണ് നല്‍കി . പിന്നെ വീണ്ടും വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫ്. ഇന്ന് രാവിലെ കാല്‍നടയാത്രക്കാരാണ് മൃതദേഹം കണ്ടത്. മനോഹരന്‍ ഉപയോഗിച്ച കാര്‍ കണാനില്ല. കൊലപാതകമുള്‍പ്പെടെ എല്ലാ സാധ്യതയും പരിശോധിച്ച് വരികയാണെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്ര പറഞ്ഞു.

ഗുരുവായൂരിനടുത്തെ മമ്മിയൂരില്‍ റോഡരികിലായിരുന്നു മൃതദേഹം. പോലീസിന്റെ വിവിധ വിഭാഗങ്ങള്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പോലീസ് നായ മണം പിടിച്ച് മൂന്നൂറ് മീറ്ററോളം ദൂരത്ത് മമ്മിയൂര്‍ ക്ഷേത്രത്തിനടുത്ത് നിന്നു.