Kerala

പൊതുമേഖലാ സ്ഥാപനങ്ങൾ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നില്ല: പെരുവഴിയിലായി ഉദ്യോഗാർത്ഥികൾ

8000 പേരുള്ള ലിസ്റ്റിൽ പലരുടെയും പ്രായപരിധി കഴിഞ്ഞു. തങ്ങളെ നോക്കുകുത്തികളാക്കി നടക്കുന്ന കരാർ നിയമനങ്ങൾ അവസാനിപ്പിക്കണമെന്ന് ഉദ്യോഗാര്‍ത്ഥികള്‍

പൊതുമേഖലാ സ്ഥാപനങ്ങൾ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ ഉദ്യോഗാർത്ഥികളെ കബളിപ്പിക്കുന്നു. കമ്പനി ബോർഡുകളിലേക്കുള്ള അസിസ്റ്റന്‍റ് നിയമനം കാത്തിരിക്കുന്നവർ പെരുവഴിയിലായ അവസ്ഥയിലാണ്. 8000 പേരുള്ള ലിസ്റ്റിൽ പലരുടെയും പ്രായപരിധി കഴിഞ്ഞു.

28 പൊതുമേഖലാ സ്ഥാപനങ്ങളിലേക്കുള്ള അസിസ്റ്റന്‍റ് / കാഷ്യർ നിയമനത്തിനായി രണ്ട് കാറ്റഗറിയിലായി 2018 ലാണ് പിഎസ്‍സി പരീക്ഷ നടത്തിയത്. ഈ വർഷം ജനുവരിയിൽ റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിച്ചു. രണ്ട് ലിസ്റ്റിലുമായി 1030 ഒഴിവുകളും റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഒന്നാം കാറ്റഗറി ലിസ്റ്റിൽ കെഎസ്എഫ്‍ഇ ഒഴിച്ചാൽ എടുത്തുപറയാൻ തക്ക ഒരു സ്ഥാപനങ്ങളും ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നില്ല.

1635 കാഷ്യർ തസ്തികകൾ ഉള്ള കെഎസ്എഫ്‍ഇ ആകട്ടെ, 3 വർഷമായി ഈ ലിസ്റ്റിലേക്ക് പുതിയ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ആകെ 750 കാഷ്യർമാർ മാത്രമാണ് സ്ഥിരമായി ഇപ്പോൾ ഉള്ളത്.

റാങ്ക് ലിസ്റ്റ് വന്നതിൽ പിന്നെ കശുവണ്ടി തൊഴിലാളി ബോർഡിൽ 11 ജീവനക്കാരെ സ്ഥിരപ്പെടുത്തി. ചുമട്ടുതൊഴിലാളി ബോർഡിലും 250 ജീവനക്കാരെ സ്ഥിരപ്പെടുത്താൻ നീക്കം നടക്കുന്നതായി ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നു. കെഎസ്ആര്‍ടിസിയിൽ 700 ഓളം താൽകാലിക ജീവനക്കാർ. തങ്ങളെ നോക്കുകുത്തികളാക്കി നടക്കുന്ന കരാർ നിയമനങ്ങൾ അവസാനിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം.