ലോക്ക്ഡൗണിന്റെ പേരിൽ കടകൾ തുടർച്ചയായി അടച്ചിടുന്നുവെന്ന് ആരോപിച്ച് കോഴിക്കോട് മിഠായി തെരുവിൽ വ്യാപാരികളുടെ പ്രതിഷേധം. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് കടകൾ തുറക്കാൻ ശ്രമിച്ചത് പൊലീസ് തടഞ്ഞതാണ് പ്രതിഷേധത്തിന് കാരണമായത്. യൂത്ത് കോൺഗ്രസും വ്യാപാര വ്യവസായി ഏകോപന സമിതി അംഗങ്ങളും സംയുക്തമായാണ് പ്രതിഷേധിക്കുന്നത്.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കടകൾ തുറക്കാൻ അനുവധിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. ജീവിക്കാൻ വേണ്ടിയാണ് തങ്ങൾ പ്രതിഷേധിക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു. കടകൾ മുഴുവൻ പ്രവർത്തിക്കാൻ അനുവദിക്കുന്നതുവരെ സമരവുമായി മുന്നോട്ടുപോകും. തങ്ങളുടേത് ന്യായമായ ആവശ്യമാണ്. ബിവറേജസിന് മുന്നിൽ പൊലീസ് കാവൽ ഏർപ്പെടുത്തുന്നുണ്ട്. എന്തുകൊണ്ടാണ് വ്യാപാരികളെ സർക്കാർ അവഗണിക്കുന്നതെന്നും ഇവർ ചോദിക്കുന്നു.
ലോക്ക്ഡൗണിന്റെ സമയത്ത് വളരെ കഷ്ടപ്പെട്ടാണ് മുന്നോട്ടുപോയത്. സർക്കാർ കണ്ണുതുറക്കണം.
വ്യാപാരികളെയും പരിഗണിക്കണം. ജീവിക്കാൻ കഴിയുന്നില്ല. ലക്ഷക്കണക്കിന് രൂപയുടെ കടംകയറി ആത്മഹത്യയുടെ വക്കിലാണ് തങ്ങളെന്നും വ്യാപാരികൾ പറയുന്നു.