Kerala

ഓൺലൈൻ റമ്മി കളിയില്‍ ഹൈക്കോടതി ഇടപെടല്‍; വിരാട് കോഹ്‌ലി അടക്കമുള്ള ബ്രാന്റ് അംബാസിഡര്‍മാര്‍ക്ക് നോട്ടീസ്

ഓൺലൈൻ ചൂതാട്ടം നിരോധിക്കണം എന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിൽ വിരാട് കോഹ് ലി അടക്കമുള്ള താരങ്ങൾക്ക് കേരള ഹൈക്കോടതിയുടെ നോട്ടീസ്. ഓൺലൈൻ ചൂതാട്ട ആപ്ലിക്കേഷനുകളുടെ പ്രവർത്തനം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് തൃശൂർ സ്വദേശി പോളി വടക്കനാണ് ഹർജി നൽകിയത്.

ഓൺലൈൻ ചൂതാട്ടം നിരോധിക്കണമെന്നാവശ്യപ്പെട്ട് സമർപിച്ച ഹർജിയിൽ പത്ത് ദിവസത്തിനകം നിലപാട് അറിയിക്കാൻ ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി. ഇത്തരം മൊബൈൽ ആപ്പുകളുടെ ബ്രാൻഡ് അംബാസിഡർമാരായ വിരാട് കൊഹ്‌ലി, അജു വർഗീസ്, തമന്ന തുടങ്ങിയവർക്കാണ് നോട്ടീസ് അയക്കൻ ഹൈക്കോടതി ഉത്തരവിട്ടത്. കേരള ഗെയിമിങ് ആക്ടിൻ്റെ പരിധിയിൽ വരുന്നതല്ല ഓൺലൈൻ ചൂതാട്ടം. നിരവധി പേർ ഇതിൻ്റെ പിടിയിലാണെന്നും അതിനാൽ പൊതുതാൽപര്യം മുൻനിർത്തി ഹരജി പരിഗണിക്കണമെന്നുമായിരുന്നു ഹരജിക്കാരൻ്റെ വാദം.

വിഷയം ഗൗരവതരമാണന്ന് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻ ബഞ്ചും ചൂണ്ടിക്കാട്ടി. നിയമവിരുദ്ധമായ ഇത്തരം ഗെയ്മുകൾ നിയന്ത്രിക്കാൻ മറ്റ് ഹൈക്കോടതികൾ ഇടപെട്ടിട്ടുണ്ടെന്നും ആന്ധ്രാപ്രദേശ് ഓർഡിനൻസ് പാസാക്കിയെന്നും ഹരജിക്കാരൻ ഉന്നയിച്ചു. തുടർന്നാണ് 10 ദിവസത്തിനകം വിശദീകരണം നൽകാൻ സംസ്ഥാന സർക്കാരിന് ഹൈക്കോടതി നിർദ്ദേശം നൽകിയത്.