Health Kerala

ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് സംസ്ഥാനത്തെ സ്വകാര്യ ലാബുകള്‍ ഈടാക്കുന്നത് ഇരട്ടിയിലധികം തുക

കൊവിഡ് വ്യാപനം മുതലെടുത്ത് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിനു സ്വകാര്യ ലാബുകള്‍ ഈടാക്കുന്നത് യഥാര്‍ത്ഥത്തിലുള്ളതിന്റെ രണ്ടിരട്ടിയിലധികം തുക. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് സ്വകാര്യ ഏജന്‍സിക്ക് കരാര്‍ നല്‍കിയത് 448 രൂപയ്ക്കാണ്. 600 രൂപയില്‍ താഴെ നിരക്കില്‍ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്താന്‍ കഴിയുമെന്നിരിക്കെയാണ് 1700 രൂപ സ്വകാര്യ ലാബുകള്‍ ഈടാക്കുന്നത്.

ഒരു ടെസ്റ്റിനു 1700 രൂപ വീതം ഈടാക്കുമ്പോള്‍ സ്വകാര്യ ലാബുകള്‍ക്ക് ലഭിക്കുന്നത് രണ്ടിരട്ടിയിലധികം ലാഭമാണ്. ടെസ്റ്റുകളുടെ എണ്ണം വര്‍ധിച്ചതോടെ കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറഷന്‍ പുറത്തു നിന്നും സ്വകാര്യ മൊബൈല്‍ ടെസ്റ്റിംഗ് ലാബുകളെ ഏര്‍പ്പെടുത്തി. ടെണ്ടര്‍ വിളിച്ച് കരാര്‍ ഏല്‍പ്പിച്ചത് സാന്‍ഡര്‍ മെഡിക് എയ്ഡ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനാണ്. വൈറല്‍ ആര്‍.എന്‍.എ എക്ട്രാക്ഷന്‍ കിറ്റ് 21.6 രൂപയ്ക്കാണ് മെഡിക് എയ്ഡ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി വിതരണം ചെയ്തത്. അതായത് ലാഭവിഹിതം ചേര്‍ത്താല്‍ പോലും 600 രൂപയ്ക്ക് നടത്താവുന്ന പരിശോധനയ്ക്കാണ് 1700 രൂപ ഈടാക്കുന്നത്.

ഇന്ത്യയില്‍ മറ്റു സംസ്ഥാനങ്ങളേക്കാള്‍ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിനു ഏറ്റവും ഉയര്‍ന്ന നിരക്ക് ഈടാക്കുന്ന സംസ്ഥാനമാണ് കേരളം. പരാതികള്‍ ഉയര്‍ന്നതോടെ ആര്‍.ടി.പി.സി.ആര്‍ നിരക്ക് കുറയ്ക്കാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി. ഇക്കാര്യം ആരോഗ്യ വകുപ്പിന്റെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

സ്വകാര്യ ആശുപത്രികളും ലാബുകളും ഈടാക്കുന്ന നിരക്കുകള്‍ കുറയ്ക്കാന്‍ സര്‍ക്കാരിനു കോടതിയെ സമീപിക്കേണ്ടി വരും. ശരിയായ വസ്തുതകള്‍ കോടതിയെ ബോധിപ്പിച്ചുകൊണ്ട് മാത്രമേ നിരക്കുകള്‍ പുതുക്കി നിശ്ചയിക്കാന്‍ കഴിയുകയുള്ളൂ.