India Kerala

അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളില്‍ മിന്നല്‍ പരിശോധന

അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളില്‍ മോട്ടോര്‍വാഹന വകുപ്പ് പരിശോധന നടത്തുന്നു. ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്സെന്ന പേരിലാണ് പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് പരിശോധന നടത്തുന്നത്.ഇന്നലെ കോഴിക്കോട് നടത്തിയ പരിശോധനയില്‍ നിരവധി ട്രാവല്‍സ് ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത് ലൈസന്‍സില്ലാതെയാണെന്ന് മോട്ടോര്‍ വാഹനവകുപ്പ് കണ്ടെത്തി. കൊച്ചിയിലും തൃശൂരും പരിശോധന തുടരുകയാണ്. നിയമലംഘനം നടത്തുന്ന സര്‍വീസുകള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഗതാഗതമന്ത്രി ഇന്ന് പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്.

സ്വകാര്യ ബസ് സര്‍വീസ് നടത്തുന്ന ട്രാവല്‍ ഏജന്‍സികളിലാണ് പരിശോധന നടക്കുന്നത്. ഇതിനായി ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്സ് എന്ന പേരില്‍ പ്രത്യേക ഡ്രൈവ് തന്നെ മോട്ടോര്‍ വാഹന വകുപ്പ് ആരംഭിച്ചിട്ടുണ്ട്. കല്ലടയില്‍ ആരംഭിച്ച പരിശോധന ഇതര സംസ്ഥാന സര്‍വീസ് നടത്തുന്ന ട്രാവല്‍സുകളിലേക്ക് മോട്ടോര്‍ വാഹന വകുപ്പ് വ്യാപിപ്പിച്ചു. ഇന്നലെ കോഴിക്കോട് പാളയത്ത് പത്തിലധികം ട്രാവന്‍ ഏജന്‍സികളുടെ ഓഫീസില്‍ മോട്ടോര്‍ വാഹനവകുപ്പ് റെയ്ഡ് നടത്തി. ഇവക്ക് ഒന്നിനും ലൈസൻസില്ലെന്ന് പരിശോധനയിൽ കണ്ടെത്തിയതായി ആർ.ടി.ഒ പറഞ്ഞു. യാത്രക്കാരെ മര്‍ദ്ദിച്ച കല്ലട ബസിനെതിരെ പ്രതിഷേധം സംസ്ഥാനത്തിന്റെ പല ഭാഗത്തും തുടരുകയാണ്. തിരുവനന്തപുരത്ത നിന്നും ബാംഗളൂരുവിലേക്കു പോവുകയായിരുന്ന കല്ലട ബസ് ഇന്നലെ കായംകുളത്ത് എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ തടഞ്ഞു.