ഓണത്തിന് നാട്ടിലെത്താൻ ഇത്തവണയും മലയാളികൾക്ക് ചിലവേറും. ഓണം സ്‌പെഷ്യലായി 8 ട്രെയിനുകൾ അനുവദിച്ചെങ്കിലും യാത്രാ ദുരിതത്തിന് പരിഹാരമാകില്ല. അവസരം മുതലെടുത്ത് അമിത നിരക്ക് ഈടാക്കുകയാണ് സ്വകാര്യ ബസ് ലോബി.
വിവിധ സംസ്ഥാനങ്ങളിലായി ജോലി ചെയ്യുന്ന മലയാളികൾക്ക് ആശ്രയം ദീർഘ ദൂര ട്രെയിൻ സർവീസുകളാണ്. എന്നാൽ ടിക്കറ്റുകൾ മാസങ്ങൾക്ക് മുമ്പേ തീർന്നു. ആഗസ്റ്റ് 24 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ ട്രെയിനിൽ നാട്ടിലെത്തണമെങ്കിൽ അതിക സർവീസുകൾ ഇനിയും അനുവദിക്കണം. ഇതുവരെ അനുവദിച്ച 8 ട്രെയിനുകൾ ചെന്നൈയിലെയും ബംഗ്ലൂരുവിലെയും വേളാങ്കണ്ണിയിലെയും മലയാളികൾക്കാണ് അൽപമെങ്കിലും ആശ്വാസമാകുക.
സ്വകാര്യ ബസിനെ ആശ്രയിച്ചാലും കൈ പൊള്ളും. ആയിരത്തി അഞ്ഞൂറ് മുതൽ രണ്ടായിരം വരെ ആയിരുന്ന ടിക്കറ്റ് നിരക്ക് മൂവായിരത്തിന് മുകളിലെത്തി.
കെഎസ്ആർടിസി കൂടുതൽ അന്തർ സംസ്ഥാന സർവീസുകൾ ആരംഭിച്ചാൽ പ്രതിസന്ധി ഒരു പരുതി വരെ മറികടക്കാനാകും.
സ്‌പെഷ്യൽ ട്രെയിനുകൾ ഒടുവിൽ അനുവദിച്ച് തത്കാൽ ടിക്കറ്റ് വഴിയുള്ള അമിത വരുമാനമാണ് റെയിൽവേ ലക്ഷ്യം വെക്കുന്നത്. ഈ യാത്രാ ദുരിതത്തിൽ കേന്ദ്ര – സംസ്ഥാന സർക്കാരുകളാണ് മറുപടി പറയേണ്ടത്.