India Kerala

നിലനില്‍പ്പിനായി ബസുടമകള്‍ പുതിയ വഴികള്‍ തേടുന്നു

തെരഞ്ഞെടുപ്പ് കാലത്തെ ഇടവേളക്ക് ശേഷം ഡീസല്‍ വില ദിനം പ്രതി വര്‍ധിച്ച് തുടങ്ങിയതോടെ നിലനില്‍പ്പിനായി ബസുടമകള്‍ പുതിയ വഴികള്‍ തേടുന്നു. ആളു കുറഞ്ഞ സമയങ്ങളില്‍ ട്രിപ്പുകള്‍ ഒഴിവാക്കിയും ജീവനക്കാരെ വെട്ടിക്കുറച്ചുമൊക്കെയാണ് ബസ് വ്യവസായം പിടിച്ചു നിര്‍ത്താനൊരുങ്ങുന്നത്. അടുത്ത മാസം മുതല്‍ ഇന്‍ഷുറന്‍സ് തുക കൂടുമെന്നതിനാല്‍ യാത്രാ ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ആവശ്യം മുന്നോട്ട് വയ്ക്കാനൊരുങ്ങുകയാണ് ബസുടമകള്‍.

ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് ഇന്ധന വില കുറക്കാന്‍ പൊതു മേഖലാ എണ്ണക്കമ്പനികള്‍ തയ്യാറായിരുന്നു. എന്നാല്‍ വോട്ടെടുപ്പ് അവസാനിച്ച മെയ് 19 മുതല്‍ ഇന്ധന വില വീണ്ടും കൂടി തുടങ്ങി.ദിനം പ്രതി ഡീസല്‍ വില വര്‍ധിക്കുന്നത് ബസ് വ്യവസായത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

ഇന്‍ഷുറന്‍സ് തുകയിലും അടുത്ത മാസം മുതല്‍ എണ്ണായിരം രൂപയോളം വര്‍ധനവുണ്ടാകുമെന്നാണ് ബസുടമകള്‍ പറയുന്നത്. പിടിച്ചു നില്‍ക്കാനായി അവധി ദിവസങ്ങളില്‍ യാത്രക്കാര്‍ കുറവാണെങ്കില്‍ ട്രിപ്പുകള്‍ ഒഴിവാക്കാനാണ് ജീവനക്കാര്‍ക്ക് പല ബസ് ഉടമകളും നല്‍കിയിരിക്കുന്ന നിര്‍ദേശം. ആളുകള്‍ കുറഞ്ഞ രാത്രി കാല ട്രിപ്പുകളും ഇതിനകം തന്നെ നിര്‍ത്തി. മൂന്നു ജീവനക്കാരുള്ള ഹ്രസ്വദൂര ബസുകളില്‍ ഇനി ഡ്രൈവറും കണ്ടക്ടറും മതിയെന്ന തീരുമാനത്തിലാണ് ഉടമകള്‍,മിക്ക ദീര്‍ഘ ദൂര ബസുകളിലും ഈ ക്രമീകരണം നേരത്തെ തന്നെ നടപ്പാക്കിയിരുന്നു.