ഇടുക്കി നെടുങ്കണ്ടം സ്റ്റേഷനില്‍ റിമാന്‍ഡ് പ്രതി മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാരുടെ വിശദീകരണം പുറത്ത്. സ്ട്രക്ചറിലാണ് പ്രതിയെ ആശുപത്രിയിലെത്തിച്ചതെന്ന് ഡോക്ടര്‍മാര്‍. 16ാം തിയതിയാണ് ആശുപത്രിയിലെത്തിച്ചത്. പ്രതിക്ക് നടക്കാനാവാത്ത അവസ്ഥയായിരുന്നു.ഓടി വീണ് പരിക്കേറ്റിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചിരുന്നു.
നെടുങ്കണ്ടം തൂക്കുപാലത്തെ സ്വകാര്യ പണം ഇടപാട് സ്ഥാപനത്തിന്‍റെ മറവില്‍ രണ്ട് കോടി രൂപയോളം തട്ടിപ്പ് നടത്തിയെന്ന കേസിലെ ഒന്നാംപ്രതിയാണ് മരിച്ച രാജ്കുമാര്‍. നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ ഈ മാസം 16നാണ് പീര്മേട് സബ് ജയിലില്‍ എത്തിച്ചത്. ജയിലില്‍ എത്തിയതു മുതല്‍ രാജ്കുമാര്‍ അവശനായിരുന്നു.
കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ചപ്പോള്‍ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് പ്രതി ഡോക്റോട് പറഞ്ഞതായാണ് സൂചന. തുടര്‍ന്ന് ബന്ധുക്കളും ഈ പരാതിയുമായി രംഗത്തെത്തിയിരുന്നു. കോട്ടയം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ് മോര്‍ട്ടത്തില്‍ ഇരു കാല്‍മുട്ടിനും താഴെ മൂന്നിടങ്ങളായി തൊലി അടര്‍ന്ന് മാറിയതായി കണ്ടെത്തിയിരുന്നു.