Kerala

‘അത്ര ചെറുപ്രായത്തിലെ തന്നെ അമ്മ ഒറ്റയ്ക്കാവുന്നത് എനിക്ക് ഉൾക്കൊള്ളാനാകുമായിരുന്നില്ല’; അമ്മയുടെ വിവാഹത്തിന് കൈപിടിച്ച് നൽകിയ മകൾ ട്വന്റിഫോറിനോട്

ഒറ്റപ്പെടലിൽ പ്രയാസമനുഭവിച്ചിരുന്ന അമ്മയ്ക്ക് അമ്പത്തിയൊമ്പതാം വയസിൽ ജീവിതം കൈപിടിച്ച് നൽകിയ മകളുടെ കഥയാണ് ഇത്. ഭർത്താവ് മരിച്ച ശേഷം ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന തൃശൂർ കോലഴി സ്വദേശിയായ രതി മേനോനും കാർഷിക സർവകലാശാലയിൽ നിന്ന് വിരമിച്ച മണ്ണുത്തി പട്ടിക്കാട് സ്വദേശി ദിവാകരനും തമ്മിൽ വിവാഹിതരായത് കഴിഞ്ഞ ബുധനാഴ്ചയാണ്. രതി മേനോന്റെ മകൾ പ്രസീതയാണ് വിവാഹത്തിന് ചുക്കാൻ പിടിച്ചതും തിരുവമ്പാടി ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ അമ്മയുടെ കൈപിടിച്ച് ദിവാകരനെയേൽപ്പിച്ചതും. 

‘അച്ഛൻ മരിച്ച ശേഷമാണ് അമ്മയ്ക്ക് 58-ാം പിറന്നാൾ വരുന്നത്. അത്ര ചെറുപ്രായത്തിലെ തന്നെ അമ്മ ഒറ്റയ്ക്കാവുന്നത് എനിക്ക് ഉൾക്കൊള്ളാനാകുമായിരുന്നില്ല. അങ്ങനെയാണ് അച്ഛൻ മരിച്ച് ഒരു വർഷം കഴിഞ്ഞിട്ട് അമ്മയെ വിവാഹം കഴിപ്പിക്കണമെന്ന് ചിന്തിക്കുന്നത്’- പ്രസീത പറഞ്ഞു.

‘വിവാഹത്തിന് ആരാണ് കൈ പിടിച്ച് തരികയെന്ന് ചിന്തിച്ചിരുന്നു. അപ്പോഴാണ് മകൾ കൈപിടിച്ച് തരുന്നത്. സാധാരണ അമ്മാവന്മാരൊക്കെയാണ് അത് ചെയ്യുന്നത്. അവിടെയുണ്ടായിരുന്ന മേൽശാന്തിമാരെല്ലാം ചോദിച്ചിരുന്നു ഇത്ര ചെറിയ കുട്ടിയാണോ കൈ പിടിച്ച് തരുന്നതെന്ന്’- ദിവാകരൻ ട്വന്റിഫോറിനോട് പറഞ്ഞു.

സാധാരണ മക്കൾ ഒരു വിവാഹം കഴിച്ച് കാണാൻ മാതാപിതാക്കളാണ് ആഗ്രഹിക്കുന്നത്. ഇവിടെ തിരിച്ചാണ് സംഭവിച്ചത്. തങ്ങൾ ജീവിച്ച് തുടങ്ങിയിട്ടേയുള്ളൂ. സന്തോഷത്തോടെ മുന്നോട്ട് പോകണമെന്ന് ആഗ്രഹിക്കുന്നുവെന്ന് രതി മേനോൻ ട്വന്റിഫോറിനേട് പറഞ്ഞു.

പങ്കാളികൾ നഷ്ടപ്പെട്ട് ഒറ്റപ്പെട്ടുകഴിയുന്നവർക്ക് പ്രചോദനമേകുന്നതാണ് ഈ അനുഭവം.