പെരിയാറില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ യുവതിയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. യുവതിയെ ശ്വാസംമുട്ടിച്ചാണ് കൊന്നത്. വായില്‍ തുണി തിരുകി ശ്വാസം മുട്ടിക്കുകയായിരുന്നു. മൃതദേഹത്തില്‍ മുറിവുകളോ പരിക്കുകളോ ഇല്ലെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
പുതപ്പിൽ പൊതിഞ്ഞ് പ്ലാസ്റ്റിക് കയറുപയോഗിച്ച് വരിഞ്ഞ് കെട്ടി കല്ലിൽ താഴ്ത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതുവഴി പോയ നാട്ടുകാരാണ് വെളളത്തില്‍ പൊങ്ങിക്കിടക്കുന്ന രീതിയില്‍ മൃതദേഹം കണ്ടത്.
ആലുവ പരിസരത്ത് ഇത്തരത്തില്‍ ഒരു കൊലപാതകം നടന്നോ എന്ന കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്. മറ്റെവിടെയെങ്കിലും വെച്ച് സ്ത്രീയെ കൊലപ്പെടുത്തി പുഴയില്‍ തളളിയതാവാമെന്നാണ് പൊലീസ് നിഗമനം. പൊലീസ് എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് കാണാതായ സ്ത്രീകളുടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചുവരികയാണ്.