കൈവെട്ട് കേസ് പ്രതി സവാദിനെ കുടുക്കിയത് പോപ്പുലർ ഫ്രണ്ട് നിരോധനം. പോപ്പുലർ ഫ്രണ്ട് നിരോധിച്ചതിനു പിന്നാലെ അകത്തായ ചിലരില്‍ നിന്നും സവാദിനെ കുറിച്ചുള്ള സൂചനകള്‍ ലഭിച്ചു. കേരളത്തില്‍ തന്നെയുണ്ടെന്നറിഞ്ഞതോടെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. ഈ അന്വേഷണത്തിലാണ് സവാദ് കുടുങ്ങിയത്. സവാദ് ഫോണ്‍ ഉപയോഗിച്ചിരുന്നത് കരുതലോടെയാണെന്ന് എൻഐഎ പറയുന്നു. തുടർച്ചയായി സിംകാർഡുകൾ മാറ്റി ഉപയോഗിച്ചു.
ഇതര സംസ്ഥാന തൊഴിലാളികളുടെ ഫോൺ ഉപയോഗിച്ചും ആശയവിനിമയം നടത്തി. ബന്ധുക്കളെയോ സുഹൃത്തുക്കളെയോ ഒളിവു ജീവിതത്തിനിടയില്‍ ബന്ധപ്പെട്ടില്ല. കൂട്ടു പ്രതികളുമായും ബന്ധമുണ്ടായില്ല. സവാദിന്റെ ചുറ്റുപാട് അറിയില്ലായിരുന്നെന്ന ഭാര്യാ പിതാവിന്റെ നിലപാട് തെറ്റെന്ന് ഏജന്‍സി പറയുന്നു. എസ്ഡിപിഐ – പോപ്പുലര്‍ ഫ്രണ്ട് നേതാക്കളാണ് ജോലിയും വിവാഹവും തരപ്പെടുത്തിയതെന്ന് എന്‍ഐഎക്ക് വിവരം ലഭിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ അന്വേഷണം എസ്ഡിപിഐ നേതാക്കളിലേക്കും വ്യാപിപ്പിച്ചു.
സവാദ് കണ്ണൂർ ജില്ലയിൽ മാത്രം ഒളിവിൽ കഴിഞ്ഞത് 8 വർഷമെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. വളപട്ടണം, ഇരിട്ടി, മട്ടന്നൂർ എന്നിവിടങ്ങളിൽ വാടകവീടുകൾ തരപ്പെടുത്താൻ എസ്ഡിപിഐ സഹായം ലഭിച്ചു. മട്ടന്നൂരിലെ വാടകവീട്ടിൽ നിന്ന് താമസം മാറാനിരിക്കെയാണ് അറസ്റ്റുണ്ടായത്. സവാദിൻ്റെ ഭാര്യയും സഹായിച്ചവരെയും ചോദ്യം ചെയ്യാൻ എൻഐഎ തീരുമാനിച്ചിരിക്കുകയാണ്.
ഇളയകുട്ടിയുടെ ജനന സർട്ടിഫിക്കറ്റാണ് സവാദിനെതിരെ തെളിവായത്. ഷാജഹാൻ എന്ന് പേര് മാറ്റിയെങ്കിലും ജനന സർട്ടിഫിക്കറ്റിൽ പേര് സവാദ് എന്നു തന്നെയായിരുന്നു.
ടി ജെ ജോസഫിന്റെ കൈവെട്ടുന്ന സമയത്ത് സവാദിന്റെ ശരീരത്തിൽ മുറിവുകൾ ഉണ്ടായിരുന്നു. ഈ മുറിവുകളും പ്രതിയെ തിരിച്ചറിയാൻ സഹായകരമയി. എട്ടുവർഷം മുൻപ് കാസർഗോഡ് നിന്ന് ഒരു എസ്ഡിപിഐ നേതാവിന്റെ മകളെ വിവാഹം കഴിച്ചിരുന്നു. വിവാഹത്തിൽ പള്ളിയിൽ നൽകിയ പേര് ഷാനവാസ് എന്നായിരുന്നു. വിവാഹ ശേഷം പുറത്തേക്ക് പോകാതെ കേരളത്തിൽ തന്നെ തങ്ങി.
റിയാസ് എന്നയാളാണ് സവാദിന് ജോലി തരപ്പെടുത്തിക്കൊടുത്തത്. മരപ്പണിക്കായി കോൺട്രാക്ട് ചെയ്ത് കൊടുത്തിരുന്നു. റിയാസ് എസ്ഡിപിഐക്കാരാനാണ്. സവാദ് ജോലി ചെയ്തിരുന്നത് എസ്ഡിപിഐക്കാർക്കൊപ്പമായിരുന്നു. എന്നാൽ അധ്യാപകന്റെ കൈവെട്ടിയ സംഭവത്തിന് ശേഷം സവാദ് എവിടെയായിരുന്നു എന്നകാര്യത്തിൽ വ്യക്തതയില്ല. കണ്ണൂർ മട്ടന്നൂരിലെ ബേരം എന്ന സ്ഥലത്ത് നിന്നാണ് എൻഐഎ സവാദിനെ പിടികൂടിയത്.