India Kerala

അരുംകൊലയുടെ രാഷ്ട്രീയം

പണ്ട് നാട്ടുപ്രമാണിമാര്‍ക്കിടയിലുള്ള പരസ്പരവൈര്യത്തിന് അറുതി വരുത്തുന്നതിനായി വാളെടുത്ത് വെട്ടിയും കുത്തിയും സ്വയം ഇല്ലാതായ ചേകവന്മാരുടെ നാടാണ് കണ്ണൂര്‍. പ്രമാണിമാര്‍ക്ക് വേണ്ടി കിഴി വെച്ച് അവര്‍ അങ്കം കുറിച്ചു. കൊല്ലും കൊലയും ജീവിത ധര്‍മ്മമാണെന്നും,അങ്കത്തട്ടില്‍ ചോരയൊലിപ്പിച്ച് മരണത്തെ പുല്‍കുന്നത് ജന്മാന്തരങ്ങളുടെ സുകൃതമണെന്നും അവര്‍ വിശ്വസിച്ചിരുന്നു. കാലമേറെ കഴിഞ്ഞു, നാനൂറ് വര്‍ഷം നീണ്ട കോളനി ഭരണത്തിനൊടുവില്‍ വിദേശികളും ഇന്ത്യ വിട്ടു. പിന്നീട് ജനാധിപത്യത്തിനൊപ്പം നീണ്ട 71 വര്‍ഷങ്ങള്‍ രാജ്യം പിന്നിടുന്നു. കാലമിത്രയേറെ കഴിഞ്ഞിട്ടും നാടിത്രയേറെ പുരോഗമിച്ചിട്ടും കണ്ണൂരിന്റെ രാഷ്ട്രീയ മണ്ഡലത്തില്‍ കാതലായൊരു മാറ്റം ഇപ്പോഴും ഉണ്ടായിട്ടില്ല എന്നതാണ് സത്യം. കേവലം നിസാരമായ വാക്കുതര്‍ക്കങ്ങള്‍ പോലും ക്രൂരമായ കൊലപാതകങ്ങളില്‍ കലാശിക്കുന്ന അതിഗുരുതരമായ സാഹചര്യം ഇപ്പോഴും കണ്ണൂരിന്റെ പാര്‍ട്ടി ഗ്രാമങ്ങളിലുണ്ട്. പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിലേറിയതിന് ശേഷം മാത്രം 20 രാഷ്ട്രീയ കൊലപാതകങ്ങളാണ് സംസ്ഥാനത്ത് നടന്നത്. 2016ല്‍ ഒമ്പതും 2017ല്‍ അഞ്ചും 2018ല്‍ നാലും 2019ല്‍ രണ്ടും പേരാണ് സംസ്ഥാനത്ത് കൊല്ലപ്പെട്ടത്. ഇതില്‍ 16 കേസിലും പ്രതിസ്ഥാനത്തുള്ളത് ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രവര്‍ത്തകരാണെന്നുള്ളത് വിഷയത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. ഈ ശ്രേണിയിലെ ഏറ്റവും അവസാനത്തേതാണ് കാസര്‍ഗോഡ് പെരിങ്ങയിലെ രണ്ട് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ നിഷ്ഠൂരമായ കൊലപാതകം. ഇത്തരത്തില്‍ കഴിഞ്ഞ അര നൂറ്റാണ്ടിനിടയില്‍ 216 ജീവനുകളാണ് രാഷ്ട്രീയവൈര്യത്തിന്റെ പേരില്‍ തെരുവില്‍ പച്ചക്ക് കൊത്തിയരിഞ്ഞിട്ടത്.

കണ്ണൂരിന്റെ പ്രതികാര രാഷ്ട്രീയം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. കൊല്ലപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകരുടെ കണക്കുകളും, എതിര്‍ പാര്‍ട്ടിക്കാരുടെ കൊലപാതകചരിത്രവുമെല്ലാം പറഞ്ഞ് അവര്‍ പരസ്പരം തര്‍ക്കിക്കുന്നു.

ചോരക്ക് കൊടിയുടെ നിറം നല്‍കുന്നവര്‍

കേരളത്തിലെ അക്രമരാഷ്ട്രീയത്തില്‍ കൊല്ലപ്പെടുവരുടെ കണക്കെടുക്കുമ്പോള്‍ എല്ലാവരും പറയുന്നത് പാര്‍ട്ടി തിരിച്ചുള്ള കണക്കുകളാണ്. എന്നാല്‍ കൊലക്കത്തിക്കിരയായവരുടെ രാഷ്ട്രീയത്തിനപ്പുറം അവരുടെ ജീവിത സാഹചര്യങ്ങളെ കുറിച്ചോ ചുറ്റുപാടിനെ കുറിച്ചോ, സാമൂഹിക സാമ്പത്തിക അവസ്ഥകളെ കുറിച്ചോ ആരും അന്വേഷിക്കുന്നില്ല.

കേരളത്തില്‍ രാഷ്ട്രീയ പ്രതികാരത്തിന്റെ പേരില്‍ കൊല്ലപ്പെട്ട 95 ശതമാനം പേരും ദരിദ്രരായിരുന്നു. ഇതില്‍ തന്നെ 50 ശതമാനവും പരമദരിദ്രര്‍. കൃത്യമായി പറഞ്ഞാല്‍ തല ചായ്ക്കാനൊരു കൂര പോലുമില്ലാതിരുന്നവര്‍. പാര്‍ട്ടികള്‍ക്ക് വേണ്ടിയവര്‍ രക്തസാക്ഷികളായി. രണ്ട് നാള്‍ കൊണ്ട് വിസ്മൃതിയിലാവുന്ന വാര്‍ത്താശകലങ്ങളിലെ വിഷയങ്ങളായി. 1969ല്‍ തുടക്കം കുറിച്ച കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് 1978കള്‍ മുതല്‍ക്കാണ് പ്രതികാരത്തിന്റേയും കുടിപ്പകയുടേയും രൂപം കൈവരുന്നത്.

പകരത്തിന് പകരമെന്നോണം ക്രൂരമായ കൊലപാതക പരമ്പരകള്‍ തന്നെ പിന്നീടുണ്ടായി. 77കളിലും 90കളിലും സി.പി.ഐ.എം-കോണ്‍ഗ്രസ് ഏറ്റുമുട്ടലുകളില്‍ ഒട്ടേറെ പേര്‍ കൊലക്കത്തിക്കിരയായി. എന്നാല്‍ ഇതില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടത് ആള് മാറിയാണ്. 2000 മുതല്‍ കഴിഞ്ഞ 18 വര്‍ഷത്തിനിടയില്‍ മാത്രം 172 പേര്‍ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പേരില്‍ കൊല്ലപ്പെട്ടുവെന്ന് സംസ്ഥാന പോലീസിന്റെ ഔദ്യോഗിക കണക്കുകള്‍ തന്നെ പറയുന്നു. വിവരാവകാശ നിയമ പ്രകാരം ലഭിച്ച വിവരങ്ങളിലാണ് കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ ഞെട്ടിക്കുന്ന സ്ഥിതിവിവരക്കണക്കുകളുള്ളത്. സംസ്ഥാന പോലീസിന്റെയും ഔദ്യോഗിക രേഖകളും ഇത് ശരി വെക്കുന്നു. കണക്കുകള്‍ പ്രകാരം 65 ബി.ജെ.പി ആര്‍.എസ്.എസ് പ്രവര്‍ത്തകരും, 85 സി.പി.ഐ.എം പ്രവര്‍ത്തകരും 11 വീതം കോണ്‍ഗ്രസ്സ്, ഐ.യു.എം.എല്‍ പ്രവര്‍ത്തകരും ഇക്കാലയളവില്‍ കൊല്ലപ്പെട്ടു. 2016 ഫെബ്രുവരി മുതല്‍ 2017 ജൂലൈ വരെ മാത്രം 10 ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരും നാല് സി.പി.ഐ.എം പ്രവര്‍ത്തകരും രാഷ്ട്രീയ വൈര്യത്തിന്റെ പേരില്‍ കൊല്ലപ്പെട്ടു. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് 2000 മുതല്‍ 2016 വരെ കേരളത്തില്‍ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ 50 ശതമാനവും കണ്ണൂരിലായിരുന്നു.

വിപ്ലവ രാഷ്ട്രീയത്തിന്റെ ചോരക്കറകള്‍

പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം മാത്രം സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങളില്‍ 20 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ ഏറെയും പ്രതിസ്ഥാനത്തുള്ളത് സി.പി.ഐ.എം തന്നെയാണ്. 2016ല്‍ ഒമ്പതും 2017 ല്‍ അഞ്ചും 2018 ല്‍ നാലും 2019 ല്‍ രണ്ടും പേര്‍ സംസ്ഥാനത്ത് കൊല്ലപ്പെട്ടു. ഇതില്‍ 16 കേസിലും പ്രതിസ്ഥാനത്തുള്ളത് സി.പി.ഐ.എമ്മാണ്.