India Kerala

നിരോധിത ലഹരിമരുന്ന് ഉപയോഗിക്കുന്നവരെ കണ്ടെത്താന്‍ തൃശൂരില്‍ വ്യാപക പരിശോധന

നിരോധിത ലഹരി മരുന്ന് ഉപയോഗിക്കുന്നവരെയും വില്‍ക്കുന്നവരെയും കണ്ടെത്താന്‍ തൃശൂര്‍ ജില്ലയില്‍ പൊലീസിന്റെ വ്യാപക പരിശോധന. ഓപ്പറേഷന്‍ കന്നബീസ് എന്നാണ് പരിശോധനയുടെ പേര്. മുണ്ടൂര്‍ ഇരട്ടക്കൊലപാതക കേസില്‍ ഉള്‍പ്പെട്ട രണ്ട് പേര്‍ കൂടി പിടിയിലാകാനുണ്ടെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്ര പറഞ്ഞു. നാല് പ്രതികളെ റിമാന്‍ഡ് ചെയ്തു.

കേസിലെ പ്രതികളായ വരടിയം സ്വദേശികള്‍ ഡയമണ്ട് സിജോ, സഹോദരന്‍ മിജോ, ജിനോ, അഖില്‍ എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. ഇവരുടെ കൂട്ടാളികളായ രണ്ട് പേര്‍ കൂടി കേസില്‍ പ്രതികളാണ്. ഇതില്‍ ഒരാള്‍ പൊലീസിന്റെ കസ്റ്റഡിയിലുണ്ടെന്നാണ് സൂചന. ജിനോയെയും കൊണ്ട് പൊലീസ് തെളിവെടുപ്പ് നടത്തി, വെട്ടാനുപയോഗിച്ച വാളുകളില്‍ ഒന്ന് കണ്ടെത്തുകയായിരുന്നു ലക്ഷ്യം. തൃശൂര്‍ ഒല്ലൂക്കരയിലെ ഒഴിഞ്ഞ പറമ്പിൽ നിന്നാണ് വാള്‍ കണ്ടെത്തിയത്. തൃശൂര്‍ ജില്ലയില്‍ ലഹരിമരുന്ന് ഉപയോഗിക്കുന്നവരുടെ എണ്ണവും ലഹരിയുടെ കരുത്തില്‍ ഗുണ്ടാ പ്രവര്‍ത്തനവും വ്യാപകമായ സാഹചര്യത്തിലാണ് ഓപ്പറേഷന്‍ കെന്നബിസ് എന്ന പേരില്‍ പരിശോധന ആരംഭിച്ചതെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു.

ജി.എച്ച് യതീഷ് ചന്ദ്ര പോലീസ് കമ്മീഷണര്‍-തൃശൂര്‍ ഓപ്പറേഷന്‍ കെന്നബിസിന്റെ ഭാഗമായി ഇതിനോടകം 200 ഓളം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഓരോ പൊലീസ് സ്റ്റേഷനുകളിലും പ്രത്യേക സ്ക്വാഡ് രൂപീകരിച്ചാണ് ഓപ്പറേഷന്‍ കെന്നബിസിന്റെ പ്രവര്‍ത്തനം. പൊതുജനങ്ങള്‍ക്ക് 9497918090 എന്ന നമ്പറിൽ വിളിച്ചോ വാട്സ് ആപ്പ് വഴിയോ ലഹരി മരുന്നുമായി ബന്ധപ്പെട്ടവരുടെ വിവരങ്ങള്‍ കൈമാറാമെന്നും പൊലീസ് അറിയിച്ചു.