India Kerala

പൊലീസിലെ പോസ്റ്റല്‍ വോട്ട് വിവാദം

പൊലീസിലെ പോസ്റ്റല്‍ ബാലറ്റ് ക്രമക്കേടില്‍ ഇന്ന് തന്നെ നടപടി ഉണ്ടാകുമെന്ന് ഡി.ജി.പി ലോക്നാഥ് ബഹ്റ. തെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദ്ദേശിച്ച പ്രകാരമുളള നടപടിയായിരിക്കും ഉണ്ടാകുക. പൊലീസ് അസോസിയേഷന്റെ പങ്ക് കണ്ടെത്തുന്ന തരത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപിയോട് നിര്‍‌ദ്ദേശിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കറാം മീണ പറഞ്ഞു.

പൊലീസിലെ കള്ള ബാലറ്റില്‍ ഉള്‍പ്പെട്ട കമാന്‍ഡോ വൈശാഖിനെ സസ്പെന്‍ഡ് ചെയ്ത് മാറ്റി നിര്‍ത്തുകയും ഇയാള്‍ക്കെതിരെ ജനപ്രാധിനിത്യ നിയമ പ്രകാരും മററ് വകുപ്പുകള്‍ ചേര്‍ത്തും കേസെടുക്കുകയും ചെയ്യും. പോസ്റ്റല്‍ ബാലറ്റുകളഅ‍ സമാഹരിച്ച ഇന്ത്യാ റിസര്‍വ് ബറ്റാലിയനിലെ പൊലീസുകാരായ അരുണ്‍ മോഹന്‍, രതീഷ് രാജേഷ് കുമാര്‍, മണിക്കുട്ടന്‍ എന്നിവര്‍ക്കെതിരെയും വകുപ്പ് തല നടപടിഉണ്ടായേക്കും. നടപടി ഇന്ന് തന്നെ ഉണ്ടാകുമെന്ന് ഡിജിപി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. പൊലീസ് അസോസിയേന് സംഭവത്തില്‍ പങ്കുണ്ടെന്നാണ് തോന്നുന്നന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കറാം മീണ പറഞ്ഞു. ഇത് വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡി.ജി.പിക്ക് നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു.

കമ്മീഷണര്‍ റാങ്കില്‍ ഉള്ളവരോ, ക്രൈം ബ്രാഞ്ചോ ഇത് അന്വേഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ പൊലീസ് അസോസിയേഷന്‍ ഭാരവാഹികളുടെ പേര് പരമാര്‍ശിച്ചില്ലെങ്കിലും ഇവരിലേക്ക് വിരല്‍ ചൂണ്ടുന്ന റിപ്പോര്‍ട്ടാണ് നേരത്തെ രഹസ്യാന്വേഷണ വിഭാഗം തയ്യാറാക്കിയത്.