Kerala

വിജയ് പി നായരെ മര്‍ദ്ദിച്ച കേസ്; ഭാഗ്യലക്ഷ്മിയടക്കമുള്ള പ്രതികൾക്കായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി

കേസിൽ അറസ്റ്റ് അനിവാര്യമെന്ന നിലപാടിലാണ് പോലീസ്. വിജയ് പി. നായരുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തതിനുപിന്നാലെ മൂന്ന് പേരും ഒളിവിൽ പോയെന്ന് സർക്കാർ കോടതിയെ അറിയിച്ചതിന്‍റെ വിവരങ്ങൾ പുറത്തുവന്നു

യു ട്യൂബിൽ സ്ത്രീകളെ അധിക്ഷേപിച്ച് വീഡിയോ പ്രചരിപ്പിച്ച വിജയ് പി. നായരെ മർദ്ദിച്ച കേസില്‍ ഭാഗ്യലക്ഷ്മിയടക്കമുള്ള പ്രതികൾക്കായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി. കേസിൽ അറസ്റ്റ് അനിവാര്യമെന്ന നിലപാടിലാണ് പോലീസ്. വിജയ് പി. നായരുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ മൂന്ന് പേരും ഒളിവിൽ പോയെന്ന് സർക്കാർ കോടതിയെ അറിയിച്ചതിന്‍റെ വിവരങ്ങൾ പുറത്തുവന്നു.

ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവരുടെ ജാമ്യാപേക്ഷ കോടതി തള്ളിയതിനു പിന്നാലെയാണ് തമ്പാനൂർ പൊലീസ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയത്. വിജയ് പി. നായരുടെ മുൻകൂർജാമ്യാപേക്ഷ പരിഗണിക്കവേ പ്രതികൾ ഒളിവിലാണെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ ഒളിവിൽ പോയതിനെ തുടർന്ന് ഇവരുടെ മൊഴിയെടുക്കാൻ സാധിച്ചില്ലെന്നും

പ്രോസിക്യൂഷൻ അറിയിച്ചിരുന്നു. വീടുകളിൽ പ്രതികൾ ഇല്ലെന്നാണ് പൊലീസിന്‍റെ വിലയിരുത്തൽ. ഇതിന്‍റെ അടിസ്ഥാനത്തിൽ പ്രതികളുടെ സുഹ്യത്തുക്കളുടെയടക്കം വീടുകളിൽ പൊലീസ് വിവരശേഖരണം നടത്തുന്നുണ്ട്. അതേസമയം പ്രതികൾ ഹൈക്കോടതിയെ സമീപിക്കാൻ ആലോചിക്കുന്നുവെന്ന സൂചനയും പുറത്തുവന്നു. അശ്ശീല വീഡിയോ പ്രചരിപ്പിച്ചതിന് ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും വിജയ് പി. നായരെ ലോഡ്ജിൽ അതിക്രമിച്ചുകയറി മർദ്ദിച്ചുവെന്നും, ലാപ്ടോപ് അടക്കം മോഷ്ടിച്ചുവെന്നുമായിരുന്നു കേസ്. മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച കോടതി പ്രതികളുടെ നടപടിയെ രൂക്ഷമായി വിമർശിച്ചിരുന്നു.