India Kerala

പൊലീസ് നടപ്പാക്കുന്നത് രണ്ട് നീതി; വിജയരാഘവന് എതിരെയുള്ള പോരാട്ടം തുടരും

ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ അധിക്ഷേപിച്ചച്ചെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന് എതിരെയുള്ള പരാതിയില്‍ കേസെടുക്കേണ്ടെന്ന തീരുമാനത്തെ വിമര്‍ശിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസെടുക്കേണ്ടെന്ന തീരുമാനം തെറ്റാണ്. വിജയരാഘവന് എതിരായ നിയമനടപടി തുടരും. ആവശ്യമെങ്കില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ പൊലീസിനെ ഉപയോഗിച്ച്‌ സിപിഎം വേട്ടയാടുകയാണെന്നും അദ്ദേഹം ആരോപിച്ചു. പൊലീസ് നടപ്പാക്കുന്നത് രണ്ട് നീതിയാണ്. എംകെ രാഘവനെ വേട്ടയാടി അപമാനിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

രമ്യ ഹരിദാസിനെ അപമാനിച്ചെന്ന പരാതിയില്‍ കേസെടുക്കേണ്ടതില്ലെന്നാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ പൊലീസിന് നല്‍കിയ നിയമോപദേശം. എ വിജയരാഘവന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് നിയമോപദേശത്തില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുക്കേണ്ടതില്ലെന്ന് പൊലീസ് തീരുമാനിച്ചത്. കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എംകെ രാഘവന് എതിരായ കോഴയാരോപണത്തില്‍ കേസെടുക്കുന്നതിനെ പറ്റിയും പൊലീസ് മേധാവി നിയമോപദേശം തേടിയിട്ടുണ്ട്.