പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് തുടക്കമാകും. രാവിലെ 11 മണിക്ക് പാലക്കാട് കോട്ടമൈതാനത്ത് ബി.ജെ.പി പ്രവർത്തകരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. അടുത്ത ദിവസങ്ങളിൽ മറ്റു മണ്ഡലങ്ങളിലും നരേന്ദ്ര മോദി പ്രചാരണത്തിനെത്തും.
തെരഞ്ഞെടുപ്പിന് ഒരാഴ്ച്ച മാത്രം ബാക്കിനിൽക്കെ ബി.ജെ.പി വലിയ പ്രതീക്ഷവെച്ചു പുലർത്തുന്ന മണ്ഡലങ്ങളിൽ പ്രധാനമന്ത്രി നേരിട്ടെത്തി തെരഞ്ഞെടുപ്പ് യോഗങ്ങളിൽ സംസാരിക്കും. പാലക്കാട് മണ്ഡലത്തിലെ ഇ.ശ്രീധരനായാണ് ആദ്യം മോദി കേരളത്തിലെത്തുന്നത്. ഇന്ന് കേരളത്തിൽ മോദിക്ക് ഒരു പരിപാടി മാത്രമാണുള്ളത്. കോയമ്പത്തൂരിൽ നിന്ന് ഹെലികോപ്ടർ വഴി പാലക്കാട് സ്റ്റേഡിയത്തിൽ ഇറങ്ങുന്ന നരേന്ദ്രമോദി സുൽത്താൻപേട്ട വഴി കോട്ടമൈതാനിയിൽ എത്തും. കൃത്യം പതിനൊന്നിന് പാലക്കാട് ജില്ലയിലെ എൻ.ഡി.എ സ്ഥാനാർഥികളായ പന്ത്രണ്ടു പേർക്കും വേണ്ടി വോട്ടഭ്യർഥിക്കും.
പ്രധാനമന്ത്രിയുടെ വരവിനെ വലിയ ആവേശത്തോടെയാണ് ബി.ജെ.പി പ്രവർത്തകർ കാത്തിരിക്കുന്നത്. പാലക്കാട്ടെ പൊതുസമ്മേളനത്തിന് ശേഷം പ്രധാനമന്ത്രി തമിഴ്‌നാട്ടിലേക്ക് തിരിച്ച് പോകും. ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രൻ മത്സരിക്കുന്ന കോന്നി ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ അടുത്ത ദിവസം മോദി എത്തും. പ്രധാനമന്ത്രിയുടെ സന്ദർശനം പരിഗണിച്ച് പാലക്കാട് നഗരത്തിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധിയും ഇന്ന് കേരളത്തിലെത്തും. രണ്ട് ദിവസത്തെ പ്രചാരണ പരിപാടികൾക്കായാണ് പ്രിയങ്കയെത്തുന്നത്. രാവിലെ പത്തരയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന പ്രിയങ്ക കായംകുളം മണ്ഡലത്തിലെ പൊതുപരിപാടിയിലാണ് ആദ്യം പങ്കെടുക്കുക. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ആദ്യ ദിവസത്തെ പര്യടനം. വലിയതുറയിൽ റോഡ് ഷോയിലും പങ്കെടുക്കും.