പ്ലസ് ടു കെമസ്ട്രി പരീക്ഷ മൂല്യ നിർണയം ഇന്നും തടസപ്പെട്ടേക്കും. ഉത്തര സൂചികയിലെ അപാകതകൾ പരിഹരിച്ച ശേഷം മാത്രം മൂല്യനിർണയ ക്യാമ്പിൽ എത്തിയാൽ മതിയെന്നാണ് അധ്യാപകരുടെ തീരുമാനം.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലും ക്യാമ്പിൽ എത്തിയ ശേഷമാണ് മൂല്യനിർണയം ബഹിഷ്‌കരിച്ചത്. അതേസമയം അധ്യാപകർ വിട്ടു നിൽക്കുന്നത് അച്ചടക്ക ലംഘനമാണെന്ന് കാണിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഇന്നലെ സർക്കുലർ ഇറക്കിയിരുന്നു. ചുമതലപ്പെട്ട അധ്യാപകർ ഉടൻ ക്യാംപുകളിൽ റിപ്പോർട്ട് ചെയ്യണമെന്നും ബന്ധപ്പെട്ട പ്രിൻസിപ്പൽമാർ ഇക്കാര്യം ഉറപ്പാക്കണമെന്നും സർക്കുലറിൽ പറയുന്നുണ്ട്.
ഇതിനിടെ പുതിയൊരു ഉത്തര സൂചിക തയ്യാറാക്കി പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമങ്ങൾ വിദ്യാഭ്യാസ വകുപ്പ് തുടങ്ങിയിട്ടുണ്ടെന്നാണ് സൂചന.