സംസ്ഥാനത്തെ പ്ലസ് വൺ വാർഷിക പരീക്ഷകൾ മാറ്റിവെച്ചു. ജൂൺ 13 മുതൽ 30 വരെയായിരിക്കും പരീക്ഷകൾ നടത്തുകയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. പ്ലസ് വൺ മോഡൽ പരീക്ഷ ജൂൺ രണ്ട് മുതലായിരിക്കും നടത്തുക. രണ്ടാം വര്‍ഷ ഹയര്‍ സെക്കൻഡറി ക്ലാസുകള്‍ ജൂലൈ ഒന്നിന് ആരംഭിക്കും.
2022–23 വർഷത്തെ പാഠപുസ്തകത്തിന്റെ അച്ചടി പൂർത്തിയായി. പാഠപുസ്തക വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഏപ്രിൽ 28ന് തലസ്ഥാനത്ത് നടത്തും. 288 ടൈറ്റിലുകളിലായി 2,84,22,06 ഒന്നാം വാല്യം പാഠപുസ്തകങ്ങളാണ് ഇപ്പോള്‍ വിതരണത്തിനായി തയാറാകുന്നത്. അധ്യാപക നിയമനത്തിലെ കാലതാമസം ഒഴിവാക്കാൻ സമന്വയ സോഫ്റ്റുവെയറിൽ മാറ്റം വരുത്തും.
സര്‍ക്കാര്‍ സ്കൂളുകളിലും 3365 എയിഡഡ് സ്കൂളുകളിലും അടക്കം ആകെ 7077 സ്കൂളുകളിലെ 9,58,060 കുട്ടികള്‍ക്കാണ് കൈത്തറി യൂണിഫോം നല്‍കുന്നത്. ആകെ 42.08 ലക്ഷം മീറ്റര്‍ തുണിയാണ് വിതരണം ചെയ്യുന്നത്. സ്കൂളുകളിലെ യൂണിഫോം സ്കൂളിനും പിടിഎയ്ക്കും തീരുമാനിക്കാം. വിവാദമാകുന്ന യൂണിഫോമുകള്‍ ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.