India Kerala

മാവോയിസ്റ്റ് ബന്ധമാരോപിച്ച് വയനാട്ടില്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ കസ്റ്റഡിയിലെടുത്തു

മാവോയിസ്റ്റ് ബന്ധമാരോപിച്ച് വയനാട്ടില്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ കസ്റ്റഡിയിലെടുത്തു. കല്‍പ്പറ്റ എന്‍.എം.എസ്എം. ഗവണ്‍മെന്‍റ് കോളേജിലെ ജേര്‍ണലിസം ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയായ ശബാന നസ്‌റിനെയാണ് പുസ്തകം കൈവശം വെച്ചതിന്‍റെ പേരില്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് വിദ്യാര്‍ഥിനിയെ വിട്ടയച്ചത്.

രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് മുന്‍ കരുതല്‍ നടപടിയുടെ ഭാഗമായാണ് പൊലീസ് ശബാന നസ്‌റിനെ കസ്റ്റഡിയിലെടുത്തത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലുകള്‍ക്ക് ശേഷം രണ്ട് പേരുടെ ജാമ്യത്തില്‍ ഇവരെ വിട്ടയച്ചു. ലൈബ്രറിയില്‍ നിന്ന് വായിക്കാനെടുത്ത ആര്‍.കെ ബിജുരാജിന്‍റെ ‘നക്‌സല്‍ ദിനങ്ങള്‍’ എന്ന പുസ്തകം കൈവശം വെച്ചതാണ് അറസ്റ്റിന് കാരണം.

നിരോധിക്കപ്പെടാത്ത പുസ്തകത്തിന്‍റെ പേരില്‍ യുവാക്കളെ പിടികൂടുന്നത് നീതികരിക്കാനാവില്ലെന്ന് പോരാട്ടം പ്രവര്‍ത്തകര്‍ പറഞ്ഞു. നിലമ്പൂര്‍ വഴിക്കടവ് സ്വദേശിയായ ശബാന നസ്‌റിന്‍ സുഹൃത്തിനെ കാത്ത് റോഡരികില്‍ നില്‍ക്കവെയാണ പൊലീസ് എത്തി ചോദ്യം ചെയ്തത് . സംശയാസ്പദമായി കസ്റ്റഡിയിലെടുത്ത ശബാനയെ വൈകിട്ടോടെ സുഹൃത്തുക്കളെത്തി ജാമ്യത്തിലെടുക്കുകയായിരുന്നു