India Kerala

സംസ്ഥാനത്ത് പ്ലാസ്റ്റിക് നിയന്ത്രണം നിലവില്‍ വന്നു

സംസ്ഥാനത്ത് പ്ലാസ്റ്റിക് നിയന്ത്രണം നിലവില്‍ വന്നു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിനാണ് നിരോധനം. നിയമലംഘനങ്ങൾ‌ക്ക് 10000 രൂപ മുതൽ 50000 രൂപ വരെ പിഴ ചുമത്തും. നിയന്ത്രണം ശക്തമാക്കുന്നതിനെതിരെ വ്യാപാരികള്‍ രംഗത്തെത്തി.

പുതുവര്‍‌ഷത്തോടെ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിനോട് കേരളം വിടപറയുകയാണ്. എല്ലാത്തരം പ്ലാസ്റ്റിക് സഞ്ചികളും പ്ലാസ്റ്റിക് ആവരണമുള്ള പ്ലേറ്റ്, കപ്പ്, സ്പൂണ്‍, സ്ട്രോ എന്നിവയും ഇന്ന് മുതൽ സംസ്ഥാനത്ത് ഉപയോഗിക്കാനാവില്ല. പ്ലാസ്റ്റിക് അലങ്കാര സാധനങ്ങളും അരലിറ്ററിന് താഴെയുള്ള കുടിവെള്ള കുപ്പികളും നിരോധിക്കപ്പെട്ടു. അര ലിറ്ററിന് മുകളിലുള്ള കുപ്പികള്‍ വ്യാപാരികള്‍ തിരിച്ചെടുക്കേണ്ടി വരും. ഫ്ലക്സുകളും ബാനറുകളും നിരോധനത്തിൽപ്പെടും. എന്നാല്‍ ആഹാരവും പച്ചക്കറിയും പൊതിയുന്ന ക്ലിങ് ഫിലിം മുന്‍കൂട്ടി അളന്ന് വെച്ച ധാന്യങ്ങള്‍, പയര്‍വര്‍ഗങ്ങള്‍, പഞ്ചസാര എന്നിവ സൂക്ഷിക്കുന്ന പ്ലാസ്റ്റിക് സ‍ഞ്ചികള്‍ ഉൾപ്പടെയുളളവയ്ക്ക് നിരോധനം ബാധകമല്ല.

മുറിച്ച മീനും ഇറച്ചിയും സൂക്ഷിക്കുന്ന കവര്‍, കയറ്റുമതിക്കുള്ള പ്ലാസ്റ്റിക് വസ്തുക്കള്‍, ആരോഗ്യ പരിപാലനത്തിനുള്ള പ്ലാസ്റ്റിക് വസ്തുക്കള്‍, ബ്രാന്‍ഡഡ് ഉല്‍പന്നങ്ങളുടെ പാക്കറ്റ് എന്നിവയും ഉപയോഗത്തിലുണ്ടാവും. മില്‍മ വഴി ദിവസേന ഉപഭോക്താക്കളിലെത്തുന്ന 31 ലക്ഷം പാല്‍കവറുകള്‍ തിരിച്ചെടുത്ത് ക്ലീന്‍ കേരള കമ്പനിയുമായി ചേര്‍ന്ന് സംസ്കരിക്കും. ബിവറേജസ് കോര്‍പറേഷനും മദ്യകുപ്പികള്‍ തിരിച്ചെടുക്കണമെന്നാണ് സര്‍ക്കാര്‍ തീരുമാനം.

പ്ലാസ്റ്റിക് നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ സര്‍ക്കാരിന്റെ ശിക്ഷാ നടപടികള്‍ ഉണ്ടാവും. ആദ്യ തവണ 10000 രൂപയാണ് പിഴ. രണ്ടാം തവണ പിടിക്കപ്പെട്ടാല്‍ പിഴത്തുക 25000 ആവും. അടുത്ത ഘട്ടത്തില്‍ അത് 50000 രൂപയായി കുത്തനെ ഉയരും. അതേസമയം ബദല്‍ സംവിധാനങ്ങൾ പൂർണ്ണ തോതിൽ ഒരുക്കാതെയാണ് നിരോധനം ഏർപ്പെടുത്തിയതെന്ന ആരോപണം ശക്തമാണ്. നിയന്ത്രണം ശക്തമാക്കിയാൽ അനിശ്ചിതകാലത്തേക്ക് കടകൾ അടച്ചിടുമെന്ന് വ്യാപാര സംഘടനകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.