Kerala

‘അക്കാര്യം പിയൂഷ് ഗോയല്‍ തീരുമാനിക്കേണ്ട, ഇവിടുത്തെ ജനങ്ങള്‍ തീരുമാനിച്ചോളും; റെയില്‍വെ മന്ത്രിക്ക് മറുപടിയുമായി മുഖ്യമന്ത്രി

സംസ്ഥാനത്തെ ജനങ്ങളുടെ താത്പര്യം സംരക്ഷിക്കുന്ന മുഖ്യമന്ത്രിയാണോ അല്ലോയോ എന്നുള്ളത് പിയൂഷ് ഗോയല്‍ അല്ല തീരുമാനിക്കേണ്ടതെന്നും അത് സംസ്ഥാനത്തെ ജനങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു

മുംബൈയില്‍ നിന്ന് പുറപ്പെടേണ്ട ട്രെയിനിന് കേരള സര്‍ക്കാര്‍ അനുമതി നല്‍കിയില്ലെന്ന് കേന്ദ്രറെയില്‍വെ മന്ത്രി പിയൂഷ് ഗോയലിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് നിന്ന് പുറത്ത് നിന്ന്‌വരുന്നവര്‍ക്കെല്ലാം സ്വാഗതമാണെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയ കാര്യമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി അതിന് ചില നിര്‍ദേശങ്ങള്‍ പാലിക്കാനുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

“ലക്ഷക്കണക്കിനാളുകളാണ് സംസ്ഥാനത്തിന് പുറത്തുള്ളത്, ഇവരൊക്കെ ഒന്നിച്ച് വന്നാല്‍ ഇവിടുത്തെ ക്രമീകരണങ്ങളുടെ താളം തെറ്റും, പുറത്ത് നിന്ന് വരുന്നവര്‍ ഇവിടെയുള്ള പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം, അത് ക്വാറന്റീന്‍ കാര്യങ്ങള്‍ക്ക് ഉപകാരമാണ്, ഇത് പാലിക്കാതെ ട്രെയിന്‍ വിട്ടാല്‍ വലിയ പ്രശ്നമാണ്, അതൊഴിവാക്കാനാണ് റെയില്‍വെ മന്ത്രിക്ക് കത്തയച്ചത്. എന്നാല്‍ കത്ത് ലഭിച്ചതിന് ശേഷവും സമാനമായ തീരുമാനമുണ്ടായി. അതിനാൽ ഇക്കാര്യം പ്രധാനമന്ത്രിയെ കൂടി അറിയിച്ചു, മുഖ്യമന്ത്രി പറഞ്ഞു.

പിയൂഷ് ഗോയല്‍ പറഞ്ഞത് നിര്‍ഭാഗ്യകരമായി പോയി. അത് ആ പദവിക്ക് ചേര്‍ന്നതല്ല. നമ്മുടെ രാജ്യം നേരിടുന്ന പ്രശ്നങ്ങളുടെ ഗൗരവത്തിന്‍റെ നേരിയ അംശം പോലും അദ്ദേഹത്തിന് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ലെന്നുള്ളത് നിര്‍ഭാഗ്യകരമാണ്. സംസ്ഥാനത്തെ ജനങ്ങളുടെ താത്പര്യം സംരക്ഷിക്കുന്ന മുഖ്യമന്ത്രിയാണോ അല്ലോയോ എന്നുള്ളത് പിയൂഷ് ഗോയല്‍ അല്ല തീരുമാനിക്കേണ്ടതെന്നും അത് സംസ്ഥാനത്തെ ജനങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വന്തം നാട്ടുകാരെ കുറിച്ച് ചിന്തയില്ലാതെ മുഖ്യമന്ത്രിമാർ ഇങ്ങനെ പ്രവർത്തിച്ചാൽ എന്താകുമെന്നായിരുന്നു പിയൂഷ് ഗോയലിന്‍റെ ചോദ്യം.