India Kerala

പി.എസ്.സിയെ തകര്‍ക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി

പി.എസ്.സിയെ തകര്‍ക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ രാജ്യത്ത് നടക്കുന്ന ശ്രമങ്ങളുടെ ഭാഗമാണിത്. പി.എസ്‍.സിയില്‍‍ ‍ അന്വേഷിക്കാന്‍ തക്കവണ്ണമുള്ള ക്രമക്കേടുകളില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.വിമര്‍ശനങ്ങള്‍ ഭരണഘടനാ സ്ഥാപനങ്ങള്‍ക്കെതിരായ നീക്കത്തിന്റെ ഭാഗമാണ്. പ്രതിപക്ഷം ഇല്ലാക്കഥകളുണ്ടാക്കി യുവാക്കളില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഭരണഘടന സ്ഥാപനങ്ങളെ തകർക്കാന്‍ രാജ്യത്ത് നീക്കം നടക്കുന്നുണ്ട്. പി. എസ്.സിക്കെതിരായ നീക്കം ഇതിന്റെ ഭാഗമായി കാണണം. ഒറ്റപ്പെട്ട സംഭവമായി കാണണ്ട. പുറത്ത് നിന്നുള്ള ഒരിടപെടലും നടക്കില്ല. പൊതു സമൂഹത്തിൽ വലിയ സ്വീകാര്യത പി.എസ്.സി നേടി. മറ്റ് സംസ്ഥാനങ്ങളിൽ പി.എസ്.സിയോ യു.പിഎസ്.സി യോ പൊതുമേഖല സ്ഥാപനങ്ങളിലേക്ക് നിയമനം നടത്തുന്നില്ല. 1742 കാറ്റഗറിയിൽപ്പെട്ട തസ്തികക്ക് തെരഞ്ഞെടുപ്പ് നടത്തുന്നത് പി.എസ്.സിയാണ്. ഇവിടുത്തെ പോലെയല്ല മറ്റ് സംസ്ഥാനങ്ങളിലെ പി.എസ്.സി. റാങ്ക് ലിസ്റ്റ് അതിവേഗതയിൽ പി എസ് സി പ്രസിദ്ധീകരിക്കുന്നു. വീഴ്ച പരിശോധിക്കാൻ അഡ്മിനിസ്ടേറ്റീവ് വിജിലൻസ് സംവിധാനം ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കലാലയങ്ങള്‍ക്കകത്ത് ഒരു തരത്തിലുള്ള അക്രമങ്ങളും വച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. യൂണിവേഴ്സിറ്റി കോളജിലുണ്ടായ അക്രമസംഭവങ്ങളില്‍ കര്‍ശനനടപടി സ്വീകരിച്ചിട്ടുണ്ട്. നിര്‍ഭാഗ്യകരമായ സംഭവങ്ങളുടെ പേരില്‍ ‍ മഹത്തായ രാഷ്ട്രീയ പാരമ്പര്യമുള്ള കോളജിനെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.പൊലീസ് ലാത്തിച്ചാര്‍ജില്‍ എം.എല്‍.എക്ക് മര്‍ദ്ദനമേറ്റത് നിര്‍ഭാഗ്യകരമായ സംഭവമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി