Kerala

സ്വാതന്ത്ര്യം നഷ്ടപ്പെടാതിരിക്കാനുള്ള പോരാട്ടത്തില്‍ ജാഗ്രത പുലര്‍ത്തണം: മുഖ്യമന്ത്രി

സ്വാതന്ത്ര്യം നഷ്ടപ്പെടാതിരിക്കാനുള്ള പോരാട്ടത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മൃതിയെക്കാൾ ഭയാനകമായ അവസ്ഥ രാജ്യത്ത് സംജാതമാകാതിരിക്കണമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. സ്വാതന്ത്ര്യം തന്നെയമൃതം എന്ന കുമാരനാശാന്‍റെ കവിതയും മുഖ്യമന്ത്രി ഉദ്ധരിച്ചു. വ്യത്യസ്ത വഴികളിലൂടെ ഒരേ ലക്ഷ്യത്തിനായി പോരാടിയതാണ് സ്വാതന്ത്ര്യ സമരം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു .അവരിലെ ചിലരെ അടർത്തിമാറ്റാനുള്ള ശ്രമം ചെറുക്കണം എന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

പതിന‌ഞ്ചാം കേരള നിയമസഭയുടെ പ്രത്യേക സമ്മേളനത്തിന്‍റെ ആദ്യ ദിനമായ ഇന്ന് സ്വാതന്ത്ര്യത്തിന്‍റെ 75–ാം വാർഷികത്തിന്റെ ഭാഗമായുള്ള പ്രത്യേക സമ്മേളനമായിരുന്നു. ഈ സമ്മേളനത്തിലാണ് സ്പീക്കറും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നിലപാട് പറഞ്ഞത് . ഇന്ന് മറ്റു നടപടിക്രമങ്ങൾ ഉണ്ടാവില്ല. ഗവർണർ ഒപ്പിടാത്തതിനെത്തുടർന്ന് 11 ഓര്‍ഡിനൻസുകൾ റദ്ദാക്കപ്പെട്ട അസാധാരണ സാഹചര്യത്തിലാണ് നിയമ നിർമാണത്തിനായി പത്ത് ദിവസത്തെ പ്രത്യേക സമ്മേളനം ചേരുന്നത്.

ഗാന്ധിയുടെയും നെഹ്‌റ്രുവിന്‍റേയും സ്ഥാനത്ത് ബ്രിട്ടിഷുകാർക്ക് മുന്നിൽ മാപ്പ് അപേക്ഷ നൽകിയ ചിലരെ പ്രതിഷ്ഠിക്കാൻ ശ്രമം നടക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ഇത് വലിയ ജാഗ്രതയോടെ കാണണം. ന്യൂനപക്ഷങ്ങളെ ശത്രുക്കളായി കാണുന്നു. അതിതീവ്ര ദേശീയതയും ദേശീയതയും കടലും കടലാടിയും തമ്മിലുള്ള ബന്ധം ആണ്. ഇന്നത്തെ അതി തീവ്ര ദേശീയതയും ഫാസിസ്റ്റ് രീതികളും ദേശീയതയുടെ അന്തസത്ത തകർക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.