മുതിർന്ന കോൺഗ്രസ് നേതാവ് തലേക്കുന്നിൽ ബഷീറിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. കോൺഗ്രസ് രാഷ്ട്രീയത്തിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച നേതാവായിരുന്നു അദ്ദേഹം. ജനകീയ പ്രശ്നങ്ങളിൽ ഇടപെടാനും സങ്കുചിത താല്പര്യങ്ങൾക്കുപരിയായി പൊതുതാൽപര്യം ഉയർത്തിപ്പിടിക്കാനും തലേക്കുന്നിൽ ബഷീർ ശ്രമിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു
തിരുവനന്തപുരം വെമ്പായത്തെ വസതിയില്‍ പുലര്‍ച്ചെ നാലരയോടെയായിരുന്നു അന്ത്യം. 79 വയസായിരുന്നു. ഹൃദ്രോഗത്തെത്തുടര്‍ന്ന് ഏറെക്കാലമായി വിശ്രമജീവിതത്തിലായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിലെ സൗമ്യമുഖങ്ങളില്‍ ശ്രദ്ധേയനായ തലേക്കുന്നില്‍ ബഷീര്‍ ചിറയിന്‍കീഴില്‍ നിന്ന് രണ്ടുവട്ടം ലോക്സഭാംഗമായി. രണ്ടുതവണ രാജ്യസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.
കഴക്കൂട്ടത്തുനിന്ന് നിയമസഭാംഗമായെങ്കിലും 1977 ല്‍ എ.കെ ആന്റണി മുഖ്യമന്ത്രിയായപ്പോള്‍ അദ്ദേഹത്തിന് മല്‍സരിക്കാനായി എം.എല്‍. എ സ്ഥാനം രാജിവച്ചു. തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മൃതദേഹം നാളെ രാവിലെ 11 മണിക്ക് കെ.പി.സി.സി ഓഫീസിലും 12 മണിക്ക് ഡി.സി.സി ഓഫീസിലും പൊതുദര്‍ശനത്തിനുവയ്ക്കും. സംസ്കാരം നാളെ വൈകിട്ട് അഞ്ചിന് പേരുമല മുസലിം ജമാഅത്ത് കബർസ്ഥാനിൽ നടക്കും.