പിണറായി വിജയനെ പി.ടി തോമസിന് ഇതുവരെ മനസിലായിട്ടില്ലെന്ന് നിയമസഭയില്‍ മുഖ്യന്ത്രി. താന്‍ പ്രത്യേക ജനുസ്സ് ആണെന്നും തന്നെ ഇതുവരെ പി.ടി തോമസിന് മനസ്സിലായിട്ടില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. നിയമസഭയിൽ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയം അവതരിപ്പിക്കവെ പി.ടി തോമസ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
എന്തും പറയാനുള്ള വേദിയാക്കി നിയമസഭയെ മാറ്റരുതെന്നും ഇവിടെ പൂരപ്പാട്ട് നടത്തുകയാണോ എന്നും പിണറായി പ്രതികരിച്ചു. പ്രമേയ അവതാരകനെ നിയന്ത്രിക്കാൻ പ്രതിപക്ഷ നേതാവിന് കഴിയുന്നില്ലെന്നും അദ്ദേഹം വേറെ ഗ്രൂപ്പായതിനാലാണ് ചെന്നിത്തലക്ക് നിയന്ത്രിക്കാൻ സാധിക്കാത്തതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.
ലാവ്‍ലിൻ കേസിൽ തന്നെ പ്രതിയാക്കാൻ കുറേ ശ്രമിച്ചതല്ലേ. എന്‍റെ കൈകൾ ശുദ്ധമായതുകൊണ്ടാണ് അത് പറയാനുള്ള ആർജ്ജവമുണ്ടാവുന്നതെന്നും പിണറായി പറഞ്ഞു. ‘കമ്മ്യൂണിസ്റ്റുകാരെ ജയില്‍ കാട്ടി പേടിപ്പിക്കേണ്ടതില്ല. അടിയന്താരവസ്ഥക്കാലത്ത് നട്ടെല്ല് ഒടിക്കാന്‍ പലരും ശ്രമിച്ചതാണ്, എന്നിട്ടും തലയുയര്‍ത്തി തന്നെയാണ് നടക്കുന്നത്’ മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു
നടക്കാൻ പാടില്ലാത്ത കാര്യങ്ങൾ സംഭവിച്ചപ്പോൾ ശിവശങ്കറിനെതിരെ നടപടി സ്വീകരിച്ചു. ലൈഫ് മിഷൻ സി.ഇ.ഒ യു.വി ജോസ് ഏത് കേസിലാണ് പ്രതി. സി.എം രവീന്ദ്രനെ ഇതുവരെ ഒരു കേസിലും പ്രതിയാക്കിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ശിവശങ്കർ കെ.എസ്.ഇ.ബി ചെയർമാനും ഊർജ സെക്രട്ടറിയുമായത് ആരുടെ ഭരണകാലത്താണെന്ന് മുഖ്യമന്ത്രി ചോദിച്ചു. ശിവശങ്കറിന് ഐ.എ.എസ് ലഭിക്കുന്നത് ആന്‍റണിയുടെ ഭരണകാലത്താണെന്നും പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി.