India Kerala

ആര്‍.എസ്.എസിന്റെ ഒരു ഭീഷണിയും കേരളത്തില്‍ ചെലവാകില്ല

ആര്‍.എസ്.എസിന്റെ ഒരു ഭീഷണിയും കേരളത്തില്‍ ചെലവാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇവിടെ ഒരാളും ജനന സർട്ടിഫിക്കറ്റും തേടി പോവേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭരണ ഘടന സംരക്ഷണ മഹാറാലി കോഴിക്കോട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ആർ.എസ്.എസിന്റെ അജണ്ട നടപ്പിലാക്കാനല്ല കേരളത്തിലെ സർക്കാർ പ്രവർത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദേശീയ ജനസംഖ്യ രജിസ്റ്ററിനെ അടിസ്ഥാനപ്പെടുത്തിയാണ് ദേശീയ പൗരത്വ രജിസ്റ്ററ്റുണ്ടാക്കുക. ഇതിലൂടെ മതത്തിന്റെ അടിസ്ഥാനത്തിൽ ഒരു വിഭാഗത്തിന്റെ പൗരത്വം ഇല്ലാതാക്കാനുള്ള നീക്കമാണ് നടക്കുന്നത്. കേരളത്തിൽ എൻ.പി. ആർ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന ജനറൽ സെക്രട്ടറി പ്രൊഫ ആലിക്കുട്ടി മുസല്യാർ അധ്യക്ഷത വഹിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഒന്നിച്ചുള്ള പോരാട്ടം തുടരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സി.പി.എമ്മിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ഭരണഘടന സംരക്ഷണ സമിതിയുടെ നേത്യത്വത്തിലായിരുന്നു മഹാറാലി കോഴിക്കോട് കടപ്പുറത്ത് നടന്ന ഭരണഘടന സംരക്ഷണ മഹാറാലിയിൽ ആയിരങ്ങൾ പങ്കെടുത്തു.